ഡാല്‍ഗോണ കോഫി, ചക്കകുരു ഷെയ്ക്ക്, തണ്ണിമത്തന്‍ പായസം... ലോക്ക്ഡൗണ്‍ കാലത്ത് ഹിറ്റായ 5 ഭക്ഷണ സാധനങ്ങള്‍; റെസിപ്പി
Delicious
ഡാല്‍ഗോണ കോഫി, ചക്കകുരു ഷെയ്ക്ക്, തണ്ണിമത്തന്‍ പായസം... ലോക്ക്ഡൗണ്‍ കാലത്ത് ഹിറ്റായ 5 ഭക്ഷണ സാധനങ്ങള്‍; റെസിപ്പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 10:12 pm

കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ വീടിന് അകത്തുതന്നെയാണ്. പലരും തങ്ങളുടെ ബോറടി മാറ്റാന്‍ നിരവധി മാര്‍ഗങ്ങളാണ് തേടുന്നത്.

ഇതിനിടയ്ക്ക് പാചകത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ചിലര്‍ എത്തിയിട്ടുണ്ട്. ചക്കകുരു ഷെയ്ക്ക്, തണ്ണിമത്തന്‍ പായസം, ഡാല്‍ഗോണ കോഫി, ചക്ക കൂഞ്ച് പൊരിച്ചത്, തണ്ണിമത്തന്‍ തോട് ഉപ്പേരി/ വറവ്, തുടങ്ങി നിരവധി ഐറ്റങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ അഞ്ച് ഭക്ഷണങ്ങളും അതിന്റെ റെസിപ്പിയും പരിചയപ്പെടാം.

ഡാല്‍ഗോണ കോഫി

ആവശ്യമായ വസ്തുക്കള്‍ : കാപ്പിപ്പൊടി, പഞ്ചസാര, ചൂട് വെള്ളം, പാല്‍, ഐസ് ക്യൂബ്

കാപ്പിപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചൂട് വെള്ളവും ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക ( ഒരുകപ്പ് ഡാല്‍ഗോണ കോഫിക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം) ഇലക്ട്രിക് ബീറ്റര്‍ ഉള്ളവര്‍ക്ക് അതും ഉപയോഗിക്കാം.

നന്നായി മിക്‌സ് ആവുമ്പോള്‍ കോഫി ക്രീം ആയി മാറും. തുടര്‍ന്ന് ഒരു ഗ്ലാസില്‍ ഐസ് ക്യൂബ് ഇട്ട ശേഷം മുക്കാല്‍ ഗ്ലാസ് പാല്‍ ഒഴിക്കുക. ഇതിലേക്ക് ഉണ്ടാക്കി വെച്ച കോഫി ക്രീം ഒഴിക്കുക. ഡാല്‍ഗോണ കോഫി റെഡി.

ചക്കകുരു ഷെയ്ക്ക്

ആവശ്യമായ വസ്തുക്കള്‍ : ചക്ക കുരു, പഞ്ചസാര, ബൂസ്റ്റ് പൊടി, പാല്‍

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും ട്രോളുകള്‍ ഏറ്റുവാങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ ഒന്നായിരുന്നു ചക്ക. ചക്ക പുഴുക്ക്, കറി, തുടങ്ങി ചക്ക പഴംപൊരി വരെ ആളുകള്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ ഏറ്റവും വൈറലായ ഒന്നായിരുന്നു ചക്കക്കുരു ഷെയ്ക്ക്

ചക്കകുരു തോല്‍ പൊളിച്ച ശേഷം നന്നായി വേവിച്ചെടുക്കുക വേണമെങ്കില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. തണുത്ത ശേഷം ബൂസ്റ്റ് പൊടി, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ചക്കക്കുരു ഷെയ്ക്ക് റെഡി.

തണ്ണിമത്തന്‍ പായസം

ആവശ്യമായ വസ്തുക്കള്‍ : തണ്ണിമത്തന്‍, പഞ്ചസാര, പാല്‍, നെയ്യ്, അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായ,

തണ്ണിമത്തന്‍ ചെറു കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് തണ്ണിമത്തന്റെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേര്‍ത്ത് ഒരു പാത്രത്തില്‍ ഇട്ട് വേവിക്കുക. വെള്ളം ചേര്‍ക്കരുത്. ഈ സമയം മറ്റൊരു പാത്രത്തില്‍ പാല്‍ തിളയ്പ്പിക്കുക. ഇതിലേക്ക് ഏലക്കായും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കാം പാല്‍ തിളയ്ക്കുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. തണ്ണിമത്തനിലെ വെള്ളം വറ്റി പഞ്ചസാര ലായനിയും വെന്ത തണ്ണിമത്തന്‍ കഷ്ണങ്ങളും മാത്രമാവുമ്പോള്‍ തീയണച്ച് തിളയ്ക്കുന്ന പാലിലേക്ക് ഇട്ടു കൊടുക്കുക. നന്നായി ഇളയ്ക്കുക.മധുരം നോക്കി വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കുക. അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കുക.

തുടര്‍ന്ന് നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് പായസത്തില്‍ ചേര്‍ക്കാം. ചൂടോടയോ തണുപ്പിച്ചോ കഴിക്കാം.

ചക്ക കൂന്‍ / ചക്ക കൂഞ്ഞ് പൊരിച്ചത്

ചക്കയുടെ നടുവിലുള്ള ഭാഗം മുള്ളില്ലാത്ത മീന്‍ പോലെ പൊരിച്ചെടുക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചിലര്‍. ചക്കയുടെ കൂഞ്ഞ് ഇടിച്ച് ചതച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതില്‍ ഉപ്പും മുളകും കുരുമുളക് പൊടിയും വെളിച്ചെണ്ണെയും വേണമെങ്കില്‍ ഒരല്‍പം വിനാഗിരിയും ചേര്‍ത്ത് മിക്‌സ് ചെയ്ത മസാല തേച്ച് പിടിപ്പിക്കുക. തുടര്‍ന്ന് വെളിച്ചെണ്ണയില്‍ പൊരിച്ച് എടുക്കുക.

തണ്ണിമത്തന്‍ ഉപ്പേരി / വറവ്

തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ വെറുതെ കളയുന്ന തോട് ഉപയോഗിച്ച് നല്ല രുചികരമായ ഉപ്പേരി ഉണ്ടാക്കാം. ചിലയിടത്ത് വറവ് എന്ന പേരിലും അറിയപ്പെടുന്ന ഉപ്പേരിക്ക് പൊതുവെ എല്ലാ പച്ചക്കറികളും ഇലകളും ഉപയോഗിക്കാറുണ്ട്. തണ്ണിമത്തന്‍ തോട് കൊണ്ടും ഈ ഉപ്പേരി ഉണ്ടാക്കാം. തണ്ണിമത്തന്‍ തോടിലെ പച്ച ഭാഗം ചെത്തികളയുക. ബാക്കിവരുന്ന ഭാഗം നന്നായി ചെറുതാക്കി മുറിക്കുക. ഇതില്‍ ചെറിയ ഉള്ളി അരിഞ്ഞതും തേങ്ങയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ കടുക് പൊട്ടിച്ച് മിക്‌സ് ചെയ്ത് വെച്ച തണ്ണിമത്തന്‍ തോടിന്റെ കഷ്ണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കി മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക.

DoolNews Video