ദബോൽക്കറുടെ കൊലപാതകം; പ്രതിയുടെ ജാമ്യം ചോദ്യം ചെയ്ത ഹരജി തള്ളി സുപ്രീം കോടതി
national news
ദബോൽക്കറുടെ കൊലപാതകം; പ്രതിയുടെ ജാമ്യം ചോദ്യം ചെയ്ത ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2024, 4:12 pm

ന്യൂദൽഹി: മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ദബോൽക്കറുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ മകൾ നൽകിയ ഹരജി തള്ളി സുപ്രീം കോടതി.

2021 മേയ് ആറിന് ബോംബെ ഹൈകോടതി ദബോൽക്കറുടെ കൊലപാതകത്തിൽ പ്രതിയായ വിക്രം ഭാവേക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ദബോൽക്കറുടെ മകൾ മുക്ത ദബോൽക്കർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി വിധിയെ ശെരിവെച്ചുകൊണ്ട് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് മുക്തയുടെ ഹരജി തള്ളുകയായിരുന്നു.

ഫോറൻസിക് പരിശോധനയിൽ പ്രതിക്ക് പങ്കുണ്ടെന്ന സാക്ഷി മൊഴി വളരെ ഗൗരവമാണെന്ന് മുക്തക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആനന്ദ് ഗ്രോവർ പറഞ്ഞു.

കൂട്ടുപ്രതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു എന്നും സുപ്രീം കോടതി പറഞ്ഞു. വിക്രം ഭാവേ 2021 മേയ് ആറ് മുതൽ ജാമ്യത്തിലാണ്.

2013 ഓഗസ്റ്റ് 10നാണ് ബൈക്കിൽ വന്ന രണ്ട് പേരുടെ വെടിയേറ്റ് ദബോൽക്കർ കൊല്ലപ്പെട്ടത്.

സച്ചിൻ ആന്ദുരെ, ശരദ് കലാസ്കർ എന്നിവരെ ഇതേവർഷം ഓഗസ്റ്റ് 20ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരെയും സഹായിച്ച കുറ്റത്തിന് 2019ൽ കലാസ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിക്രം ഭാവേയും അഭിഭാഷകൻ സഞ്ജീവ് പുനലേഖർ അറസ്റ്റിലായി.

പുനലേഖറാണ് കലാസ്കറിനോട് തോക്കുകൾ നശിപ്പിക്കാൻ നിർദേശിച്ചതെന്ന് സി.ബി.ഐ കേസിൽ പറയുന്നു. പുനലേഖറിന്റെ സഹായിയായ ഭാവേ ആന്ദുരെയെയും കലാസ്കറെയും കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു.

പുനലേഖറിന് 2019ൽ പൂനെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഭാവേക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് തെളിയിക്കുന്നതൊന്നും സി.ബി.ഐ ഹാജരാക്കിയ രേഖകളിൽ ഇല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Dabholkar murder case: Supreme Court dismisses plea against bail granted to accused