Advertisement
Parliament
നിങ്ങളുടെ സഹതാപമല്ല, പൗരനെന്ന നിലയിലുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്; രാജ്യസഭയില്‍ ഡി.രാജയുടെ അവസാനപ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 24, 06:58 am
Wednesday, 24th July 2019, 12:28 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പോയാലും ജനങ്ങള്‍ക്കൊപ്പമുള്ള തന്റെ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യുമെന്ന് സി.പി.ഐ എം.പി ഡി.രാജ. രാജ്യസഭയില്‍ ഇന്ന് കാലാവധി തീരുന്ന എം.പിമാരുടെ യാത്രയയപ്പ് പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായാണ് പാര്‍ലമെന്റിനെ ഞങ്ങള്‍ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹ്യപരിഷ്‌കര്‍ത്താക്കളും വിഭാവനം ചെയ്തത് പോലെ പാര്‍ലമെന്റ് നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

കമ്മ്യൂണിസ്റ്റ് എം.പിമാരുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് പാര്‍ലമെന്റിനുള്ളത്. ഞാന്‍ എം.പി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും- രാജ പറഞ്ഞു.

വൈവിധ്യം നിറഞ്ഞ നമ്മുടേത് പോലൊരു രാജ്യത്ത് ജനങ്ങള്‍ സുരക്ഷിതരായിരിക്കണം. രാഷ്ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മനുഷ്യരായി കാണാന്‍ കഴിയണം. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് സഹതാപമോ സഹാനുഭൂതിയോ അല്ല. അവരുടെ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്.

ഓരോ വ്യക്തിക്കും അവരുടേതായ മൂല്യം ലഭിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അതിലേക്ക് എത്താന്‍ നമുക്ക് കഴിയണം. എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ ജനങ്ങളെ ശക്തരാക്കാന്‍ കഴിയാത്തത്.

വനിതാ സംവരണ ബില്ലിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാജ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദളിതനാണ് രാജ.

WATCH THIS VIDEO: