ആരുമായും സഖ്യത്തിനില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ഒറ്റക്ക്: ഡി.കെ. ശിവകുമാര്‍
national news
ആരുമായും സഖ്യത്തിനില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ഒറ്റക്ക്: ഡി.കെ. ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 7:40 pm

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

‘നിലവില്‍ ജനങ്ങളില്‍ ഒരു മാറ്റം വന്നിട്ടുണ്ട്. കര്‍ണാടകയിലെ ഭൂരിഭാഗം ജനങ്ങളും പുതിയ സര്‍ക്കാരിനായി ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി കര്‍ണാടക മാറി,’ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

അതിനിടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വെള്ളിയാഴ്ച ദല്‍ഹിയില്‍ യോഗം ചേരുമെന്നാണ് കോണ്‍ഗ്രസ് സോഴ്‌സുകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അകെയുള്ള 224 സീറ്റുകളില്‍ അദ്യഘട്ടത്തില്‍ 100 സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് പ്രഖ്യാപിക്കുക. നിലവിലുള്ള ഏതാനും സിറ്റിങ് എം.എല്‍.എമാരെ
ഒഴിവാക്കിയാണ് പട്ടിക പുറത്തിറക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം അവസാനമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ട് തന്നെ ബി.ജെ.പി നേരത്തെ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തങ്ങളുടെ പ്രചരണവും വേഗത്തില്‍ തുടങ്ങാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മാര്‍ച്ച് ഒമ്പതിന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തീരുമാനിക്കാന്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നിരന്നു. അതിനിടെ മാര്‍ച്ച് 20ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബെലഗാവി സന്ദര്‍ശിച്ച് ആദ്യ ഘട്ട പ്രചരണം ആരംഭിക്കും.