സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യര്‍ അനുഭവിക്കുന്ന നീതികേടിന്റെ ചരിത്രം കൂടിയാണ് ഇന്ത്യയുടേത്. കോളനികളിലും പുറമ്പോക്ക് ഭൂമികളിലും അവര്‍ ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെയോ പരിമിത സൗകര്യങ്ങളിലോ കഴിഞ്ഞുകൂടുകയാണ്. സമൂഹത്തിന്റേയും ഭരണസംവിധാനങ്ങളുടെയും പരിഹാസകരവും വിവേചനപൂര്‍ണവുമായ പെരുമാറ്റങ്ങളും ഈ വിഭാഗത്തെ കൂടുതല്‍ പിന്നോട്ടടിക്കുകയാണ്.
ഈ മനുഷ്യരിലേക്കാണ് ട്രംപറ്റിന്റെ സംഗീതത്തെ കൂട്ടുപിടിച്ച് ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് പ്രേക്ഷകരെ കൂട്ടുന്നത്. ബാന്‍ഡ് മേളവും പെരുന്നാളുമായി ഉത്സവാരവങ്ങളോടെ തുടങ്ങുന്ന ചിത്രം പിന്നീട് സമരത്തിലേക്ക് ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങളിലേക്കുമാണ് പോകുന്നത്.
കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന പല അനീതികളേയും ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. അതിന് ഇന്നും അറിതിയില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. അറസ്റ്റ് പോലും രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ പിടിച്ചുവെക്കുന്നതും കാരണമില്ലാതെ അറസ്റ്റ് ചെയ്യുന്നതും ക്രൂരമായ കസ്റ്റഡി പീഡനങ്ങളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്, അതും പച്ചയായി തന്നെ. ഈ രംഗങ്ങളില്‍ അതിശയോക്തി തോന്നുന്നുണ്ടെങ്കില്‍ ഒന്ന് അറിയുക, അതിലും വലിയ ക്രൂരതയാണ് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളത്. കസ്റ്റഡി പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും രക്തം പുരണ്ട ചരിത്രം കേരള പൊലീസിനുണ്ട്.
2005ലാണ് വാരാപ്പുഴയിലെ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെയ്യാത്ത തെറ്റിനാണ് നിരപരാധിയായ ശ്രീജിത്ത് ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 2005ല്‍ തന്നെയാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ മോഷണ കുറ്റം ആരോപിച്ച് പിടിച്ച ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തുന്നത്.
ഇതേ വര്‍ഷമാണ് രാജേന്ദ്രന്‍ കൊല്ലം ഈസ്റ്റ് വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദനമേറ്റു മരിച്ചത്. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു പൊലീസ് രാജേന്ദ്രനെ കസ്റ്റഡിലെടുത്തത്. മദ്യപിച്ച് ബഹളം വെച്ചതിനാണ് കോട്ടയം മണര്‍കാട് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കേള്‍ക്കുന്നത് അയാള്‍ ലോക്കപ്പില്‍ മരിച്ചെന്നായിരുന്നു.
പണം തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് കൊല ചെയ്യപ്പെട്ട രാജന്‍ മുതല്‍ എണ്ണിയാല്‍ ചേര്‍ത്തല സ്വദേശി ഗോപി, പാലക്കാട് സ്വദേശി സമ്പത്ത്, നെയ്യാറ്റിന്‍കരയിലെ ശ്രീജീവ്, വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ച അബ്ദുള്‍ ലത്തീഫ്, തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊല ചെയ്യപ്പെട്ട കാളിമുത്തു എന്നിങ്ങനെ ലിസ്റ്റ് നീളും.
ഇടിച്ചും തൊഴിച്ചും ശ്വാസം മുട്ടിച്ചും ഉരുട്ടിയും കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും ദളിതരോ സ്വാധീനമില്ലാത്ത സാധാരണക്കാരോ ആണ്. കാരണം അവര്‍ക്ക് സ്വാധീനമില്ല, ചോദിക്കാനും പറയാനും ആരും വരില്ല. സാമ്പത്തികമായും സാമൂഹികമായും ഇന്നും പ്രിവിലേജുകളില്ലാത്ത ജനത. ആ വിവേചനത്തിന് മുന്നില്‍ ഒരു മനുഷ്യ ജീവന്‍ പോലും ഒന്നുമല്ലാതാവുന്ന ക്രൂരതയെയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത് ഓര്‍മിപ്പിക്കുന്നത്.
ഒരുപക്ഷേ ആ ക്രൂരതകളോടുള്ള രോഷവും ഫ്രസ്‌ട്രേഷനുമൊക്കെ തന്നെയാവും ക്ലൈമാക്‌സിലെ വയലന്‍സിലൂടെ തിരക്കഥാകൃത്ത് ഉസ്മാന്‍ മാരാത്ത് തീര്‍ക്കുന്നത്.
Content Highlight: custody torture in jackson bazaar youth and kerala