വാഷിങ്ടണ്‍: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ വലിയ പ്രതിഷേധം. അമേരിക്കയിലെ 30 നഗരങ്ങളില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ വാരാചരണത്തിന്റെ സമാപന ദിനത്തിലായിരുന്നു പ്രതിഷേധം.
ക്യൂബയോടുള്ള ജോ ബൈഡന്‍ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ചായിരുന്നു ക്യാമ്പെയ്ന്‍. ക്യൂബയെ അനുകൂലിക്കുന്ന നൂറിലധികം സംഘടനകള്‍ പങ്കെടുത്തു. ക്യൂബക്കെതിരായ വിദ്വേഷ പ്രചാരണങ്ങളും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ഉപരോധവും പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൊളംബിയയിലും ബൊഗോട്ടയിലെ യു.എസ് എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.
ക്യൂബയെ ഭീകരവാദത്തിന്റെ സ്പോണ്‍സര്‍ എന്ന നിലയില്‍ യു.എസ് അവതരിപ്പിക്കുന്നതിനെ പ്രക്ഷോഭകര്‍ എതിര്‍ത്തു. നിരവധി മാര്‍ഗങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി ക്യൂബന്‍ ജനതക്കെതിരെ സാമ്പത്തിക യുദ്ധം നടത്തുന്നതിനെയും അവര്‍ അപലപിച്ചു.
അധികാരമേറ്റയുടനെ യു.എസും ക്യൂബയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ബരാക് ഒബാമ ഭരണകൂടം നടത്തിയ സുപ്രധാന മുന്നേറ്റങ്ങളെ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് അട്ടിമറിച്ചിരുന്നു.
ട്രംപ് ക്യൂബയിലേക്കുള്ള യാത്രയും വിനോദസഞ്ചാരവും ഒരിക്കല്‍ കൂടി പരിമിതപ്പെടുത്തുന്നതിന് പുറമേ, ഒബാമ നീക്കം ചെയ്ത സ്റ്റേറ്റ് സ്പോണ്‍സര്‍ ഓഫ് ടെററിസം ലിസ്റ്റില്‍ ക്യൂബയെ വീണ്ടും ചേര്‍ക്കുകയും ചെയ്തു. ഒപ്പം 243 ഏകപക്ഷീയമായ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഒബാമക്കൊപ്പം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടും ബൈഡന്‍ ക്യൂബയ്ക്കെതിരായ സമ്മര്‍ദം ശക്തമാക്കുകയും ട്രംപിന്റെ നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
യു.എസിലെ തൊഴിലാളി വര്‍ഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും യു.എസില്‍ സംഘടിക്കേണ്ടതിന്റെ പ്രാധാന്യം പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടി. സഹതാപത്തിനും സഹായത്തിനുമുപരി ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടത് അമേരിക്കയിലെ വിപ്ലവകാരികളെയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ പീപ്പിള്‍സ് ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്തു.