എയര്‍പോര്‍ട്ട് അദാനിക്ക് പോയതിനു ശേഷം തിരുവനന്തപുരത്തുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇസങ്ങളുടെ അയ്യര് കളിയാണ്. ക്യാപിറ്റലിസമാണ് നല്ലതെന്ന ബി.ജെ.പി.ക്കാരുടെയും തരൂര്‍ പക്ഷ കോണ്‍ഗ്രസ്സുകാരുടെയും ഫോര്‍വേഡുകള്‍, സോഷ്യലിസവും കമ്മ്യൂണിസവുമാണ് നല്ലതെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫോര്‍വേഡുകള്‍, ഇത് രണ്ടും ചേര്‍ന്നുള്ള സ്‌കാന്ഡിനേവിയന്‍ മോഡലാണ് നല്ലതെന്ന തരൂര്‍കാരല്ലാത്ത കോണ്‍ഗ്രസ്സുകാരുടെ ഫോര്‍വേഡുകള്‍. പൊതുമേഖലയാണ് നല്ലതെന്നും അതല്ല സ്വകാര്യ മേഖലയാണ് നല്ലതെന്നുമുള്ള വാദപ്രതിവാദങ്ങള്‍.
ഈ ഇസങ്ങളൊക്കെ മനുഷ്യന് ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്, ദോഷവും. അതുപോലെ തന്നെയാണ് സ്വകാര്യ മേഖലയും പൊതു മേഖലയും. നമ്മളീ അനുഭവിക്കുന്ന മിക്കവാറും സുഖ സൗകര്യങ്ങളും സ്വകാര്യ മേഖലയുടെ സംഭാവനയാണ്, കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും പോലെ മിക്കതും. പൊതുമേഖലയുടെ സംഭാവനയാണ് സാറ്റലൈറ്റ് ടെക്‌നോളജിയും ഇന്റെര്‍നെറ്റുമൊക്കെ. സോഷ്യലിസവും കമ്മ്യൂണിസവും മനുഷ്യന് തുല്യതയുടെയും അവകാശങ്ങളുടെയും സങ്കല്‍പം നല്‍കിയിട്ടുണ്ട്, ക്യാപിറ്റലിസം ജീവിത സുഖങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതിലേതുമാവാം, എല്ലാമാവാം, ഒന്നുമാവാതിരിക്കാം. അതൊന്നും ഒരു കുറ്റമല്ല.
എന്നാല്‍ മനുഷ്യനും ഭൂമിക്കും സമൂഹത്തിനും മുഴുവന്‍ ഉപദ്രവവും നാശവും മാത്രം ഉണ്ടാക്കിയിട്ടുള്ള ഒരു ഇസം ഉണ്ട് – ക്രോണിയിസം. ക്രോണി ക്യാപിറ്റലിസം എന്ന് നീട്ടി പറയാം, ചങ്ങാത്ത മുതലാളിത്തം എന്ന് വിവര്‍ത്തനം ചെയ്യാം. ഏതായാലും തിരുവനന്തപുരത്തുകാരുടെ തലയില്‍ ഇപ്പോള്‍ വന്നു വീണത് ഇപ്പറഞ്ഞതാണ്, തുറമുഖമായിട്ടും വിമാനത്താവളമായിട്ടും. അനുഭവിക്കാതെ പോവാന്‍ പറ്റില്ല.
തിരുവനന്തപുരത്തുകാരുടെ തലയില്‍ വീണ ക്രോണിയുടെ കഥ പറയുന്നത്തിന് മുമ്പ് മറ്റൊരു ക്രോണിയുടെ കഥ പറയാം. മുംബൈ എയര്‍പോര്‍ട്ടിലൂടെ പോയവര്‍ക്ക് പരിചയമുള്ള ഒരു പേര് – ജി.വി.കെ.
2004 നു മുമ്പ് മിക്കവാറും ആരും കേട്ടിട്ടില്ലാത്ത രണ്ടു മൂന്നു പേരുകളായിരുന്നു ജി.എം.ആര്‍, ജി.വി.കെ, ഐ.വി.സി.എല്‍. തുടങ്ങിയവയൊക്കെ. ജി.എം.ആറിന് കിട്ടിയത് ഡല്‍ഹി വിമാനത്താവളം, ജി.വി.കെ ക്ക് കിട്ടിയത് മുംബൈ വിമാനത്താവളം, ഐ.വി.സി.എല്‍. നു കിട്ടിയത് വലിയ പാലങ്ങളും റോഡുകളും. ഇതില്‍ ജി.വി.കെ യെ പറ്റി ഇപ്പൊ പറയാം, വിമാനത്താവളം ചര്‍ച്ചയായ സ്ഥിതിക്ക്. മറ്റുള്ളവരെ പറ്റി പറയാനില്ലാഞ്ഞിട്ടല്ല, ഉദാഹരണത്തിന് ഐ.വി.സി.എല്‍ നിര്‍മിച്ച ഫ്ളൈഓവര്‍ തകര്‍ന്നു വീണ് 26 പേരാണ് കല്‍ക്കട്ടയില്‍ മരിച്ചത്.
2006 ഏപ്രില്‍ നാലിനാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള മുംബൈ എയര്‍പോര്‍ട്ട് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ജി.വി.കെ ക്ക് കൊടുക്കുന്നത്. യു.പി.എ വന്നതോടുകൂടി രാശി തെളിഞ്ഞ ഗ്രൂപ്പാണ് ജി.വി.കെ. യു.പി.എ യില്‍ ഏറ്റവും കൂടുതല്‍ എം.പി മാരുള്ളത് ആന്ധ്രയില്‍ നിന്നായിരുന്നു, വൈ.എസ്.ആറിന്റെ കോണ്‍ഗ്രസ് എം.പി മാര്‍. യു.പി.എ ക്ക് വേണ്ട പണം മുഴുവന്‍ വന്നിരുന്നത് ആന്ധ്രയില്‍ നിന്നായിരുന്നു എന്നത് അന്നത്തെ രഹസ്യം. പണം എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ ഇന്നത്തെ ബി.ജെ.പി യുടെ അത്ര വരില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്കും ചെലവ് ഒട്ടും കുറവായിരുന്നില്ല.
ഇന്ത്യയിലെ മിക്കവാറും മുഴുവന്‍ സംസ്ഥാനങ്ങളിലും അക്കാലത്ത് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകൊണ്ടിരുന്നത് കോണ്‍ഗ്രസ്സായിരുന്നു, പണം വാരിയെറിഞ്ഞുള്ള പ്രചാരണങ്ങള്‍. 2009 ലെ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ഓരോ കോടി വീതം ഡല്‍ഹിയില്‍ നിന്ന് ക്യാഷായി എത്തിച്ചിരുന്നു എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് കൊണ്ട് വന്ന ഒരു കോടി സ്ഥാനാര്‍ത്ഥിയുടെ കയ്യിലെത്തും മുമ്പേ വേറൊരു നേതാവ് അടിച്ചു മാറ്റിയത് കോഴിക്കോട്ടെ വലിയൊരു വിവാദമായിരുന്നു അക്കാലത്ത്.
തെരഞ്ഞെടുപ്പ് മാത്രമല്ല ചിലവ്. ഭരണം തുടങ്ങിയാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്ക് സാദാ മനുഷ്യന്‍മാര്‍ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ പറ്റാതാവും, പ്രധാന നേതാക്കള്‍ക്ക് മാത്രമല്ല, രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള ഡ്യുക്ലീ നേതാക്കകള്‍ക്ക് പോലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളോ സ്വകാര്യ വിമാനങ്ങളോ വേണം. ചെറിയ ദൂരങ്ങള്‍ക്ക് ഹെലികോപ്റ്ററുകളും. ഇതിനു തന്നെ വേണം ദിവസവും കോടിക്കണക്കിനു രൂപ. ഇങ്ങനെ നേതാക്കന്മാര്‍ക്ക് വിമാനങ്ങള്‍ സംഘടിപ്പിച്ചും പണം കൊടുത്തും പോറ്റിയ ജി.വി.കെ റെഡ്ഡി പ്രതിഫലമായി ചോദിച്ച പല സമ്മാനങ്ങളില്‍ ഒന്നായിരുന്നു മുംബൈ എയര്‍പോര്‍ട്ട്.
2006 ല്‍ ജി.വി.കെ ക്ക് മുംബൈ എയര്‍പോര്‍ട്ട് കൊടുത്തപ്പോള്‍ ഞെട്ടിയ കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല പരമ്പരാഗത ബിസിനസ്സുകാരുമുണ്ടായിരുന്നു. റിലയന്‍സ്, എല്‍.ആന്‍ഡ്.ടി, എയര്‍ടെല്‍ തുടങ്ങിയ ഗ്രൂപ്പുകളെ മുഴുവന്‍ തോല്‍പിച്ചാണ് ജി.വി.കെ മുംബൈ എയര്‍പോര്‍ട്ട് കൈക്കലാക്കിയത്, ക്രമക്കേടുകള്‍ ആരോപിച്ചു കൊണ്ട് വ്യവസായി സുനില്‍ മിത്തല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഡിറ്റോറിയല്‍ പോലും എഴുതി. പക്ഷെ കോണ്‍ഗ്രസ്സുകാര്‍ ന്യായീകരിച്ചു. മുപ്പത് കൊല്ലം കൊണ്ട് മുംബൈ എയര്‍പോര്‍ട്ടില്‍ ജി.വി.കെ റെഡ്ഡി തേനും പാലും ഒഴുക്കും എന്നതായിരുന്നു ശശി തരൂരിന്റെ അന്നത്തെ കടിച്ചാല്‍ പൊട്ടാത്ത ട്വീറ്റിന്റെ മുംബൈക്കാര്‍ക്ക് മനസ്സിലായ അര്‍ത്ഥം.
ജി.വി.കെ റെഡ്ഡി
സ്വാഭാവികമായി വന്ന കുറച്ചു നവീകരണം ഒഴിച്ച് നിര്‍ത്തിയാല്‍ ഒന്നും സംഭവിച്ചില്ല, നാട്ടുകാര്‍ക്ക് ഒരു ഗുണവും കിട്ടിയതുമില്ല. മുംബൈ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും തല്ലിപ്പൊളി എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തുടരുന്നു. പക്ഷെ യു.പി.എക്കാര്‍, പ്രത്യേകിച്ച് എന്‍.സി.പി ക്കാര്‍ മുംബൈ എയര്‍പോര്‍ട്ട് തങ്ങള്‍ക്ക് സ്ത്രീധനം കിട്ടിയ പോലെ ഉപയോഗിച്ചു. പ്രഫുല്‍ പട്ടേലും ശരത് പവാറും കുടുംബക്കാരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പറന്നു നടന്നു. പ്രഫുല്‍ പട്ടേലിന്റെ ഭാര്യക്കും മക്കള്‍ക്കും ഷോപ്പിംഗിനു പോവാന്‍ സ്വകാര്യ വിമാനത്തിനു റണ്‍വേ ഒരുക്കാന്‍ വേണ്ടി മറ്റു വിമാനങ്ങള്‍ വൈകിപ്പിച്ചത് അക്കാലത്ത് വാര്‍ത്തയായിരുന്നു.
എന്തായാലും ജി.വി.കെ ക്ക് അമ്പതു കൊല്ലം എയര്‍പോര്‍ട്ട് വികസിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയില്ല. യു.പി.എ 2014 ല്‍ പുറത്തായി. ഡല്‍ഹി മോദിയുടേതായി, ആഭ്യന്തരം അമിത്ഷായുടേതായി. കഴിഞ്ഞ മാസം 28 നു എന്‍ഫോഴ്സ്മെന്റ് ജി.വി.കെ ഗ്രൂപ്പിന്റെ മുംബയിലെയും ഹൈദെരാബാദിലെയും ഓഫീസുകള്‍ റെയിഡ് ചെയ്തു, ചെയര്‍മാന്‍ ജി.വി.കെ റെഡ്ഡി ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കേസുമെടുത്തു. മുംബൈ എയര്‍പോര്‍ട്ടിന്റെ പേരില്‍ നിരവധി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് വ്യാജ കരാറുകള്‍ നല്‍കിയതാണ് ഒരു കേസ്.
രണ്ടാമത്തേത് മുംബൈ എയര്‍പോര്‍ട്ടിന്റെ 700 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നതാണ്. ആ 700 കോടി അവസാനത്തെ കടത്തലാകാനേ വഴിയുള്ളൂ, നൂറിരട്ടി മുമ്പേ തന്നെ കടത്തിയിട്ടുണ്ടാകും. മല്യയെ പോലെ, നീരവ് മോദിയെ പോലെ, നിത്യാനന്ദയെ പോലെ റെഡ്ഡിമാര്‍ക്ക് വിദേശത്തു സുഖമായി ജീവിക്കാന്‍ വേണ്ടിയുള്ള കരുതലാണ്. തെറ്റ് പറയാന്‍ കഴിയില്ല.
വൈ.എസ് രാജശേഖര റെഡ്ഡി
ഏതായാലും റെഡ്ഡി മുതലാളിമാര്‍ പോവുന്നതോടെ മുംബൈ എയര്‍പോര്‍ട്ട് അനാഥമാവുകയൊന്നും ഇല്ല. പുതിയ മുതലാളി വന്നിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് മുംബൈ എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. കടുക്കനിട്ടവള്‍ പോയാലെന്ത് കമ്മലിട്ടവള്‍ വന്നില്ലേ.
യു.പി.എ യുടെ ക്രോണിയായിരുന്നു ജി.വി.കെ റെഡ്ഢിയെങ്കില്‍ എന്‍.ഡി.എ യുടെ ക്രോണിയാണ് അദാനി. എന്‍.ഡി.എ യുടെ എന്ന് പറഞ്ഞു കൂടാ, മോദിയുടെയും അമിത്ഷായുടെയും മാത്രം. ലക്ഷണമൊത്ത പത്തരമാറ്റ് ക്രോണി. ഈ ലേഖനം മുകളില്‍ നിന്ന് ഒന്ന് കൂടെ വായിക്കണം, യു.പി.എ എന്നത് എന്‍.ഡി.എ എന്നും റെഡ്ഢി എന്നത് അദാനി എന്നും ആന്ധ്ര എന്നത് ഗുജറാത്ത് എന്നും മാറ്റി വായിക്കണമെന്ന് മാത്രം.
യു.പി.എക്ക് വേണ്ട കള്ളപ്പണം മുഴുവന്‍ വന്നിരുന്നത് ആന്ധ്രയില്‍ നിന്നായിരുന്നെങ്കില്‍ എന്‍.ഡി.എ ക്ക് വരുന്നത് ഗുജറാത്തില്‍ നിന്ന്. വൈ.എസ്.ആര്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജി.വി.കെ ഗ്രൂപ്പിനെക്കുറിച്ച് ആരും കേട്ടിരുന്നില്ലെങ്കില്‍ മോഡി മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് അദാനിയെപ്പറ്റിയും ആരും കേട്ടിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ക്ക് വിമാനങ്ങള്‍ സംഘടിപ്പിച്ചിരുന്നത് ജി.വി.കെ ആയിരുന്നെങ്കില്‍ ബി.ജെ.പി ക്കാര്‍ക്ക് അദാനി.
അദാനി
ചില്ലറ പണമൊന്നുമല്ല വിമാനങ്ങള്‍ക്ക് വേണ്ടി അദാനി ചിലവാക്കിയിട്ടുണ്ടാവുക, 2001 ല്‍ മുഖ്യമന്ത്രിയായതിന് ശേഷം ഇന്ന് വരെ, അതായത് 19 വര്‍ഷമായി ഒരിക്കല്‍ പോലും മോഡി സാധാരണ യാത്ര വിമാനങ്ങളില്‍ സഞ്ചരിച്ചിട്ടില്ല. മോഡി മാത്രമല്ല, മിക്കവാറും രണ്ടാം നിരയിലും മൂന്നാം നിരയിലും ഉള്ള ബി.ജെ.പി നേതാക്കന്മാരൊന്നും സ്വകാര്യ വിമാനങ്ങളില്ലാതെ യാത്ര ചെയ്യാറില്ല. ബി.ജെ.പി ക്കാര്‍ മാത്രമല്ല, ആര്‍.എസ്. എസ്സുകാരും, മോഹന്‍ ഭഗവത് മുതല്‍ റാം മാധവ് വരെയുള്ളവര്‍ മുഴുവന്‍ യാത്രകളും സ്വകാര്യ വിമാനങ്ങളിലാണ്, മിക്കവാറും അദാനിയുടേത്.
പ്രതിഫലവും അതെ പോലെ തന്നെ കിട്ടിയിട്ടുണ്ട് അദാനിക്ക്. മോഡി പ്രധാനമന്ത്രിയതിനു ശേഷം തുറമുഖങ്ങള്‍ മുഴുവനും, ഇപ്പൊള്‍ ആറു വിമാനത്താവളങ്ങളും കൊടുത്തിട്ടുണ്ട്. മോഡി വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പു വയ്ക്കുന്ന മിക്ക കരാറുകളും അദാനിക്കാണ്, അനില്‍ അംബാനിക്ക് കിട്ടിയ രണ്ടു മൂന്നെണ്ണം ഒഴിച്ച് നിര്‍ത്തിയാല്‍.
മോഡിയും അദാനിയും കൂടി ഓസ്ട്രേലിയയില്‍ പോയപ്പോള്‍ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ചെയര്‍ പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ അങ്ങോട്ട് വിളിപ്പിച്ച് അദാനിക്ക് ഓസ്ട്രേലിയയില്‍ ഒരു പ്രൊജക്റ്റ് തുടങ്ങാന്‍ 6200 കോടി കൊടുക്കാന്‍ പറഞ്ഞു. പാവം അരുന്ധതി അനുസരിക്കാതെ എന്ത് ചെയ്യാന്‍, പണം കൊടുത്തു. അദാനി ഇന്ത്യന്‍ സ്‌റ്റൈലില്‍ പരിസ്ഥിതി പരിഗണിക്കാതെ ക്വീന്‍സ് ലാന്‍ഡ് കിളച്ചു മറിക്കാന്‍ തുടങ്ങിയതോടെ ഓസ്ട്രലിയക്കാര്‍ ഇളകി. 6200 കോടി എസ്.ബി.ഐ ക്ക് പോയി, എന്ന് പറഞ്ഞാല്‍ നമുക്ക് പോയി.
പ്രധാനമന്ത്രിയുടെ ആളാകുമ്പോള്‍ മറ്റുള്ളവരും കൂടെയുണ്ടാകും. അദാനി പറ്റിച്ചെന്നും പറഞ്ഞ് പലരും കോടതിയില്‍ പോയിട്ടുണ്ട്, പറ്റിപ്പ് എന്ന് പറഞ്ഞാല്‍ പതിനായിരക്കണക്കിന് കോടികളുടേതാണ്. ഇങ്ങനെ കോടതിയില്‍ എത്തിയവരില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സര്‍ക്കാരുകളൊക്കെ പെടും. സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ ഒരുപാടുണ്ടെങ്കിലും അദാനിയുടെ കേസുകള്‍ കൃത്യമായി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ വരും, അരുണ്‍ മിശ്രയുടെ വിധികള്‍ എല്ലാം അദാനിക്ക് അനുകൂലമായിരുന്നു, കഴിഞ്ഞ രണ്ടു വര്‍ഷമായി അങ്ങനെ ഒന്‍പത് വിധികള്‍ വന്നിട്ടുണ്ട്. അതില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും ഉള്ളതുകൊണ്ടല്ല, ഒരു വസ്തുത പറഞ്ഞു എന്നേയുള്ളൂ.
എല്ലാ ക്രോണികള്‍ക്കും ഒരു സമയമുണ്ട്. കയറ്റമുണ്ട്, ഇറക്കവുമുണ്ട്. ഇത്തിള്‍ കണ്ണികളായുള്ള ജീവിതമാണ്. തായ്മരത്തിന്റെ ജീവിതമാണ് ഇത്തിള്‍ കണ്ണിയുടെയും ജീവിതം. തായ്മരത്തിനു മുമ്പും ശേഷവും ഇത്തിള്‍ കണ്ണിക്ക് ജീവിതമില്ല.
തിരുവനന്തപുരത്തുകാര്‍ കരുതുന്ന പോലെ ഇപ്പൊള്‍ വന്ന ക്രോണി അമ്പതു കൊല്ലമൊന്നും നിങ്ങളെ വികസിപ്പിക്കാന്‍ പോകുന്നില്ല. അഞ്ചോ പത്തോ പരമാവധി പതിനഞ്ചോ കൊല്ലം മോഡി ഭരിക്കുമായിരിക്കും. ആ സമയത്തു ഈ ക്രോണി മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കും, അത് കഴിഞ്ഞാല്‍ അസ്തമിക്കും. മോദിക്ക് ശേഷം അമിത്ഷാ വന്നാല്‍ കുറച്ചു സമയം ക്രോണിക്ക് നീട്ടിക്കിട്ടുമായിരുന്നു, പക്ഷെ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്ന റിപോര്‍ട്ടുകള്‍ പ്രകാരം അതിനുള്ള സാധ്യതയില്ല. യോഗിയുടേതായിരിക്കും അടുത്ത ഭരണം. ഒരാള്‍ ഉപയോഗിച്ച ക്രോണി വേറൊരാള്‍ ഉപയോഗിക്കാറില്ല. യോഗിക്ക് വേണ്ടി യു.പി യില്‍ നിന്ന് വേറെ ക്രോണി വരും, പുതു പുത്തന്‍ പത്തരമാറ്റ് ക്രോണി.
അദാനിയും നരേന്ദ്രമോദിയും
തിരുവനന്തപുരത്തുകാര്‍ വല്യ വികസനമൊന്നും ഏതായാലും ഇക്കാലത്തിനുള്ളില്‍ സ്വപ്നം കാണണ്ട. സ്വാഭാവികമായുണ്ടാകേണ്ട പെയിന്റടിയും കക്കൂസ് നവീകരണവും കടലിലെ കല്ലിടലുമൊക്കെ നടക്കില്ലെന്നല്ല. വിഴിഞ്ഞത്ത് കാര്യമായ കപ്പല്‍ വരവൊന്നും പ്രതീക്ഷിക്കേണ്ട, നഷ്ടപരിഹാരം തേടി കോടതിയില്‍ പോകുന്നതില്‍ കുഴപ്പമില്ല, അരുണ്‍ മിശ്ര വിരമിച്ചാലും പുതിയ ജഡ്ജിമാരുണ്ടാകും, അവര്‍ കേസ് കേട്ട് വിധി പറഞ്ഞോളും. ശംഘുമുഖത്തെ പട്ടിയെയും പിടിച്ചു കൊണ്ടുള്ള നടത്തവും കാറ്റുകൊള്ളലും ഇനി അധികം ഉണ്ടാകില്ല. വിഴിഞ്ഞം ഒരു കരിങ്കല്‍ കൂമ്പാരമായി തിരുവനന്തപുരത്തുകാരെ നോക്കി ചിരിച്ചു കൊണ്ടിരിക്കും.
കേരളത്തിലെ ബാക്കി ജില്ലക്കാരോടാണ്, നിങ്ങള്‍ ക്യാപിറ്റലിസമോ കമ്മ്യൂണിസമോ സോഷ്യലിസമോ പൊതുമേഖലയോ സ്വകാര്യ മേഖലയോ മറ്റെന്തെങ്കിലുമോ നിങ്ങളുടെ ഇഷ്ടം പോലെ പിന്താങ്ങിക്കോളൂ. പക്ഷെ ക്രോണിയിസത്തെ പിന്താങ്ങരുത്, ക്രോണികളെ വിശ്വസിക്കരുത്. വിശ്വസിച്ചാല്‍ നിങ്ങള്‍ക്കും തിരുവനന്തപുരത്തുകാരുടെ ഗതി വരും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക