Film News
'ഇവന്റെ മുഖമൊന്ന് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ'; സൗബിന്റെ ബോഡി ഷെയ്മിങ്ങിനെതിരെ സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 07, 06:17 pm
Tuesday, 7th February 2023, 11:47 pm

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടന്‍ സൗബിന്‍ ഷാഹിറിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശം. രോമാഞ്ചം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈന് രോമാഞ്ചത്തിലെ അഭിനേതാക്കളെല്ലാം ഒരുമിച്ച് നല്‍കിയ അഭിമുഖത്തിനിടയാണ് സൗബിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശം ഉണ്ടായത്.

സിനിമ ഹൊറര്‍ അല്ല കേട്ടോ, ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്നാണ് അബിന്‍ ബിനോയെ ചൂണ്ടി അഭിമുഖത്തിനിടയില്‍ സൗബിന്‍ പറഞ്ഞത്. കൊക്ക് എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ ഒതളങ് തുരുത്ത് സീരിസിലെ നത്ത് എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അബിന്‍ ബിനോ. ഇതിന് ശേഷം നിരവധി ചിത്രങ്ങളില്‍ അബിന്‍ അഭിനയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പേ പുറത്തുവന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിന്റെ ക്ലിപ്പിങ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സൗബിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നത്.

അബിന്റെ മുഖത്തില്‍ സൗബിന്‍ കാണുന്ന കുഴപ്പമെന്താണെന്ന് മനസിലാവുന്നില്ലെന്നും കറുപ്പ് നിറമാണോ സൗബിന്റെ പ്രശ്‌നമെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി നടത്തിയ പരാമര്‍ശങ്ങളോട് ചേര്‍ത്തും സൗബിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നുണ്ട്.

ക്രിസ്റ്റഫര്‍ സിനിമയുടെ പ്രമോഷനിടയില്‍ ഐശ്വര്യ ലക്ഷ്മി ചക്കര എന്ന് വിളിച്ചപ്പോള്‍ കറുത്ത ശര്‍ക്കര എന്നേ വിളിക്കൂ, വെളുത്ത പഞ്ചാര എന്ന് വിളിക്കില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടിയേയും സൗബിനേയും പോലെ വലിയ സ്വാധീനമുള്ള താരങ്ങള്‍ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞത് മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്ഡേറ്റഡായ കലാകാരന്‍ എന്ന് മലയാള പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയില്‍ നിന്നും ഇത്തരം വാചകങ്ങള്‍ കേള്‍ക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം ഇത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിലര്‍ പറഞ്ഞിരുന്നു.

Content Highlight: criticism on saubin shahir body shaming statement