തിരുവനന്തപുരം: കരാറുകാരെയും കൂട്ടി എം.എല്‍.എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്.
തലശേരി എം.എല്‍.എ എ.എന്‍.ഷംസീറാണ് വിമര്‍ശനം ആദ്യം ഉന്നയിച്ചതെന്നാണ് വിവരം. പിന്നീട് കെ.വി.സുമേഷും കടകംപള്ളി സുരേന്ദ്രനും എല്ലാം വിമര്‍ശനം ഏറ്റെടുക്കുകയായിരുന്നു.
എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.
തെറ്റായ ഉദ്ദേശത്തിലല്ല പരാമര്‍ശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് എം.എല്‍.എമാരെ വേദനിപ്പിച്ചത്.
നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ എം.എല്‍.എമാര്‍ പ്രതികരിച്ചു.
മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എമാര്‍ക്ക് കരാറുകാര്‍ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും എന്നായിരുന്നു എം.എല്‍.എമാര്‍ പറഞ്ഞത്.