ഗുവാഹത്തി ഹൈക്കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ നിയന്ത്രണങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നത്; ലോക്ഡൗണ്‍ ഇളവുകളില്‍ വ്യാപക വിമര്‍ശനം
Kerala News
ഗുവാഹത്തി ഹൈക്കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ നിയന്ത്രണങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നത്; ലോക്ഡൗണ്‍ ഇളവുകളില്‍ വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th August 2021, 11:53 am

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്ന രേഖ തുടങ്ങിയവ കൈയ്യില്‍ കരുതി മാത്രമെ ഇനി പുറത്തിറങ്ങാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഭരണഘടനാ വിരുദ്ധമെന്ന് ഗുവാഹത്തി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിയതെന്നാണ് വിമര്‍ശനം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്ന മിസോറാം സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ അഞ്ചിനായിരുന്നു കോടതി ഉത്തരവ് പുറത്തുവന്നത്.

പൗരന്‍മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഉത്തരവെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുനിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്ന് ശഠിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സമാനമായ രീതിയില്‍ കേരളത്തിലും അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് പുതിയ നിബന്ധനകള്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ആള്‍ക്കാര്‍ ധാരാളമെത്തുന്ന കടകള്‍, ബാങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് വാക്സിന്‍ എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണമെന്നും അതുമല്ലെങ്കില്‍ ഒരു മാസം മുന്‍പ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരായിരിക്കണമെന്നാണ് പുതിയ നിബന്ധന.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിക്കുകയായിരുന്നു.

കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ എടുത്തെന്ന് തെളിയിക്കുന്ന രേഖ, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കൊവിഡ് രോഗമുക്തി രേഖ ഇവയില്‍ ഏതെങ്കിലും ഒന്ന് ‘അഭികാമ്യ’മെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ‘അഭികാമ്യ’മെന്നത് കര്‍ശന നിബന്ധനയായി മാറുകയായിരുന്നു.

മന്ത്രി നിയമസഭയില്‍ വായിച്ചതിന് വിപരീതമായ ഉള്ളടക്കമാണ് ഉത്തരവില്‍ വന്നിരിക്കുന്നതെന്ന വിമര്‍ശനം ഉയരുകയാണ്.

അതേസമയം ബാങ്കുകള്‍ക്ക് ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, കമ്പനികള്‍ എന്നിവ തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ 5 ദിവസം പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഇനി മുതല്‍ ഞായറാഴ്ച മാത്രമായിരിക്കും ലോക്ഡൗണ്‍ ഉണ്ടാവുക. ടി.പി.ആറിന് പകരം ജനസംഖ്യക്കനുസരിച്ചായിരിക്കും ഇനി കൊവിഡ് നിരക്ക് നിശ്ചയിക്കുക. ശനിയാഴ്ചയുണ്ടായിരുന്ന ലോക്ഡൗണ്‍ നേരത്തെ തന്നെ മാറ്റിയിരുന്നു.

1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ചാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ഒരാഴ്ച ഉണ്ടായാല്‍ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.

ആള്‍ക്കൂട്ട നിരോധനം തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്കും, വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ക്കുമായിരിക്കും പങ്കെടുക്കാനാകുക.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളൊഴിച്ച് മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം. കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Criticism Aganist Kerala’s New Covid Restrictions