ഇത്രത്തോളം ഫ്രസ്‌ട്രേറ്റഡായ ഒരു കളിക്കാരന്‍ വേറെ കാണില്ല, മുംബൈക്കാരല്ലെങ്കിലും അവര്‍ ഇന്ത്യക്ക് വേണ്ടിയല്ലേടോ കളിക്കുന്നത്!
Sports News
ഇത്രത്തോളം ഫ്രസ്‌ട്രേറ്റഡായ ഒരു കളിക്കാരന്‍ വേറെ കാണില്ല, മുംബൈക്കാരല്ലെങ്കിലും അവര്‍ ഇന്ത്യക്ക് വേണ്ടിയല്ലേടോ കളിക്കുന്നത്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 7:54 am

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍ ബാറ്റിങ് തുടരുകയാണ്. ഓസീസ് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ആയ 177 മറികടക്കുകയും 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 114 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 321ന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി തികച്ച രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. ജഡേജ 170 പന്തില്‍ നിന്നും 66 റണ്‍സും പട്ടേല്‍ 102 പന്തില്‍ നിന്നും 52 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഹൈലൈറ്റ്. 212 പന്തില്‍ നിന്നും 120 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്റെ റോളില്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും താരങ്ങളുടെ പ്രകടനത്തോടൊപ്പം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറിന്റെ കമന്ററി കൂടിയാണ്. ഇന്ത്യന്‍ താരങ്ങളെ കളിയാക്കുന്ന രീതിയിലായിരുന്നു മഞ്ജരേക്കറിന്റെ കളി വിവരണം.

ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കണ്‍വേര്‍ഷന്‍ റേറ്റിന്റെ സ്റ്റാറ്റ്‌സ് കാണിച്ചപ്പോള്‍ മുരളി വിജയ്‌യെ കളിയാക്കിക്കൊണ്ടായിരുന്നു തുടക്കം. അര്‍ധ സെഞ്ച്വറി സെഞ്ച്വറിയാക്കി മാറ്റുന്നതില്‍ രോഹിത് ശര്‍മയേക്കാള്‍ മികവുള്ള താരമാണ് മുരളി വിജയ്.

ഈ പട്ടികയില്‍ മുരളി വിജയ് ഒന്നാമത് നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ നാലാമതും വിരാട് കോഹ്‌ലി അഞ്ചാമതും ആണ്. രോഹിത്തിനെയും വിരാടിനെയും അസറിനെയും മറികടന്ന് മുരളി വിജയ് എങ്ങനെ ഒന്നാമനായി എന്നായിരുന്നു ഇയാളുടെ സംശയം.

മുരളി വിജയ്‌യെ മാത്രമല്ല, ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെയും ഇയാള്‍ കമന്ററിക്കിടെ കളിയാക്കുന്നുണ്ട്.

കമന്ററിക്കിടെ മഞ്ജരേക്കര്‍ പറഞ്ഞ ചില കാര്യങ്ങള്‍:

‘ഫിഫ്റ്റികള്‍ സെഞ്ച്വറികളാക്കുന്നവരുടെ കൂട്ടത്തില്‍ മുരളി വിജയ് എങ്ങനെ മുമ്പിലെത്തി എന്ന് എനിക്ക് ഇനിയും മനസിലാവുന്നില്ല. ഞാന്‍ ആകെ അത്ഭുതപ്പെട്ട് പോയി (ചിരി)’

‘ശ്രീകര്‍ ഭരത് രഞ്ജിയില്‍ 300 ക്ലബ്ബില്‍ ഇടം നേടിയവനാണ്. അവന് നന്നായി ബാറ്റ് ചെയ്യാന്‍ അറിയാം. വേറെ ഒരാളുണ്ട്, അവന്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. റിഡിക്യുലസ് (കളിയാക്കിക്കൊണ്ടുള്ള ചിരി)’

‘ക്രീസില്‍ വന്നയുടനെ ചേതേശ്വര്‍ പൂജാര ആക്രമിക്കാന്‍ ശ്രമിക്കുന്നു. ഒരുപാട് തവണ 50 ബോള്‍ നേരിട്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്തവനാണ് അവന്‍ (ചിരി)’ തുടങ്ങി നിരവധി ‘മൊഴിമുത്തുകള്‍’ മഞ്ജരേക്കര്‍ മത്സരത്തിലുടനീളം പറയുന്നുണ്ട്.

മഞ്ജരേക്കറിന്റെ കമന്ററിക്കെതിരെ മുരളി വിജയ് തന്നെ രംഗത്ത് വന്നിരുന്നു. ചില പഴയ മുംബൈ കളിക്കാര്‍ക്ക് സൗത്ത് ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ അഭിനന്ദിക്കാന്‍ മടിയാണെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

സഞ്ജയ് മഞ്ജരേക്കറിനെതിരെ ആരാധകരില്‍ നിന്നും അമര്‍ഷം ഉയരുന്നുണ്ട്. മഞ്ജരേക്കറിനൊപ്പം കമന്ററി പറയുന്ന മാര്‍ക് വോയും മാത്യു ഹെയ്ഡനും ഇടയ്ക്ക് ഓസീസ് താരങ്ങളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഒരിക്കലും കളിയാക്കുന്നില്ല.

 

Content highlight: Criticism against Sanjay Manjarekar