മണിപ്പൂരിലെ ചോര ചിന്തിയ തെരുവുകളിലല്ല, അംബാനിയുടെ റെഡ് കാര്‍പ്പറ്റില്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം
national news
മണിപ്പൂരിലെ ചോര ചിന്തിയ തെരുവുകളിലല്ല, അംബാനിയുടെ റെഡ് കാര്‍പ്പറ്റില്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2024, 3:38 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് വിമര്‍ശനമുയര്‍ന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും, പ്രധാനമന്ത്രി എന്തുകൊണ്ടാണ് കലാപബാധിതരെ സന്ദര്‍ശിക്കാത്തതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

അസമിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താത്തതിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം നടന്ന അംബാനി വിവാഹത്തിലെ ശുഭ് ആശീര്‍വാദ് എന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും മോദിയുടെ കാലുകളില്‍ തൊട്ടുവണങ്ങുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

ഇരുവര്‍ക്കും പ്രധാനമന്ത്രി ഉപഹാരങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ പ്രതിസന്ധി, സ്ത്രീ സുരക്ഷ, തീവ്രവാദ ആക്രമണം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യാത്ത ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.


2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ അംബാനിയെയും അദാനിയേയും തള്ളിപ്പറയേണ്ടി വന്നിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അംബാനിയെയും അദാനിയേയും കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഇരുവരെയും കുറിച്ച് സംസാരിക്കാതെയായി. മൗനത്തിന് പിന്നില്‍ അംബാനിയും അദാനിയും രാഹുലിന്റെ വീട്ടിലേക്ക് ടെംപോയില്‍ പണമെത്തിച്ചോ എന്നായിരുന്നു മോദി ഉയര്‍ത്തിയ ചോദ്യം.


അതേസമയം മോദിയുടെ പരാമര്‍ശത്തിനെതിരെ അതേ നാണയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കി. സ്വന്തം അനുഭവത്തില്‍ നിന്നാണോ പണം ടെംപോയില്‍ വീട്ടിലെത്തിയ വിവരം വിളിച്ചുപറയുന്നതെന്ന് രാഹുല്‍ ചോദിച്ചു. തുടര്‍ന്ന് അദാനി-അംബാനി പരാമര്‍ശവുമായി പ്രധാനമന്ത്രി എവിടെയും പ്രത്യക്ഷപ്പെട്ടില്ല എന്നതാണ് മറ്റൊരു വാസ്തവം.

പ്രധാനമന്ത്രിയുടെ ഇത്തരം ചെയ്തികളില്‍ ദുഃഖമുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. മണിപ്പൂര്‍ വിഷയത്തില്‍ ഇനിയെങ്കിലും മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തില്‍ ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചോര ചിന്തിയ മണിപ്പൂരിലെ തെരുവുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തേണ്ടതിന്റെ സമയം അതിക്രമിച്ചുവെന്നാണ് മഹുവ പറഞ്ഞത്.

Content Highlight: Criticism against Modi after attending Anant Ambani’s wedding ceremony