പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അതിരുവിട്ടത് വലിയ ചര്‍ച്ചയാവുകയാണ്. മീ ടുവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നതോടെ എന്താണ് മീ ടു എന്ന് വിനായകന്‍ ചോദിച്ചതാണ് തര്‍ക്കത്തിനിടയാത്.
ഇതിന് പിന്നലെ മീ ടു മൂവ്‌മെന്റിനെ വീണ്ടും അധിക്ഷേപിച്ചുള്ള വിനായകന്റെ മറുപടി പോലെതന്നെ വിനായകനെ മാത്രം ലക്ഷ്യമാക്കിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.
മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പ്രിഥ്വിരാജിനോടും സൗന്ദര്യത്തെക്കുറിച്ച് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിനായകനോട് മാത്രമാണ് രാഷ്ട്രീയം ചോദിക്കാന്‍ ധൈര്യപ്പെടുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു.
വിനായകനോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജാതീയതയും വംശവെറിയുമാണെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. വിനായകനെ പ്രകോപിപ്പിക്കുന്ന തലത്തിലുള്ള ടോണിലാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കുന്നതെന്നും വിമര്‍ശിക്കുന്നവരുണ്ട്.
‘വിനായകന്‍ പ്രസ് മീറ്റ് വിളിച്ചാല്‍ മാത്രം ഒരു പ്രശ്‌നമുണ്ട്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ധാര്‍മികത സംസാരിക്കും, നന്മ മരങ്ങള്‍ ആകും. കട്ട റോങ് ചോദ്യങ്ങള്‍ ചോദിക്കും, അറ്റാക്ക് മോഡില്‍ ആവും. വേറെ ഒരു സെലിബ്രിറ്റി വന്നാ ഇങ്ങനെ ഉണ്ടാവില്ല.
‘കള്ള് കുടിച്ചോ, കഞ്ചാവ് അടിച്ചാണോ പ്രസ് മീറ്റ് നടത്തുന്നത്’ എന്ന ആക്ഷേപം ഇവിടുത്തെ ഏതേലും സ്റ്റാറുകള്‍ക്ക് ചോദ്യങ്ങളായി കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ.
തൊലിഞ്ഞ ജന്മം തന്നെ ആ ചോദ്യങ്ങളും കൊണ്ട് പോയവന്മാര്‍!,’ എന്നാണ് ഇജാസുല്‍ ഹഖ് എന്ന പ്രൊഫൈല്‍ പ്രസ് മീറ്റിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്.
പന്ത്രണ്ട് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ മീടു മൂവെമെന്റ്, കഞ്ചാവ് അടിക്കാറുണ്ടോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് വിനായകന് നേരിടേണ്ടിവന്നത്.
കഞ്ചാവ് അടിച്ചിട്ടാണോ പ്രസ് മീറ്റില്‍വന്നത് എന്ന ചോദ്യത്തിന്, ‘എന്നാല്‍ നിങ്ങളും കഞ്ചാവടിച്ച് വന്നൂടെ’ എന്നാണ് വിനായകന്‍ മറുപടി നല്‍കിയത്.