ചുംബനസമരവുമായി ബന്ധപ്പെട്ട ചിന്ത ജെറോമിന്റെ പുസ്തകം വിവാദമാകുന്നു
Daily News
ചുംബനസമരവുമായി ബന്ധപ്പെട്ട ചിന്ത ജെറോമിന്റെ പുസ്തകം വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th February 2015, 8:11 am

chintha കോഴിക്കോട്: എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ചിന്ത ജെറോമിന്റെ പുതിയ പുസ്തകം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. ചുംബനസമരവുമായി ബന്ധപ്പെട്ട  ചുംബന സമരക്കാര്‍ അരാജകവാദികളാണെന്ന അഭിപ്രായമുയര്‍ത്തുന്ന ചിന്തയുടെ പുസ്തകമാണ് വിവാദമായിരിക്കുന്നത്.

ചിന്തയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. “പഴയ രീതികള്‍ തന്നെ പിന്തുടരണം എന്നും പുതിയത് ഒന്നും (സമരരീതികളായാല്‍ പോലും) വേണ്ടാ എന്നുമുള്ളത് തികച്ചും യാഥാസ്തിതികമനോഭാവം എന്നു വിശ്വസിക്കുന്നവര്‍.. അവര്‍ക്കൊക്കെ ഏറ്റവും പ്രിയപ്പെട്ട യുവജന നേതാവാണ് ചിന്ത” ഫേസ്ബുക്കില്‍ വന്ന കമന്റാണിത്.

“മതവിശ്വാസത്തേക്കാള്‍ വലിയ സി.പി.ഐ.എം വിശ്വാസികളുണ്ട്. പാര്‍ട്ടി മാത്രമാണ് ശരിയെന്നു വിശ്വസിക്കുന്നവര്‍.. അവര്‍ക്കൊക്കെ ഏറ്റവും പ്രിയ്യപ്പെട്ട നേതാവാണ് ചിന്ത”

“സമൂഹത്തിന്റെ കാലികമായ മാറ്റം ഉള്‍ക്കൊള്ളാത്ത വിപ്ലവം സാധ്യമോ?, വിരുദ്ധ ശക്തികളുടെ സംഘട്ടനം മൂലം ചലനം ഉണ്ടാകുന്ന എന്ന സിദ്ധാന്തത്തിനു ഇപ്പോള്‍ പ്രസക്തിയില്ലേ?

“കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പുരോഗമനപരമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതിന്റെയര്‍ത്ഥം അവര്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് അറിയില്ല എന്നാണ്. ചിന്തകള്‍ മരവിച്ച ഒരുകൂട്ടം പ്രാകൃതര്‍ നയിക്കുന്ന ഊര്‍ധ്വശ്വാസം വലിക്കുന്ന കാലഹരണപ്പെട്ട സംഗതികളാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. തികച്ചും പുരോഗമനപരവും കാലികവുമായ ചുംബനസമരത്തില്‍ പങ്കെടുത്തവരെ “കമ്മ്യൂണിസ്റ്റ് അനുഭാവികള്‍” എന്ന് വിളിക്കുന്നത് സമരം ചെയ്ത പുരോഗമന പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്.

കണ്ടാലും കൊണ്ടാലും പഠിക്കാതെ, വിപ്ലവത്തിന്റെ ഒലക്കേടെ മൂട് സ്വന്തം പോക്കറ്റിലുണ്ടെന്ന് മേനിപറഞ്ഞ് ഇളിഭ്യരായിരിക്കുന്ന കമ്മ്യൂണിസ്റ്റുകളെ അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിച്ചുകൊണ്ടുമാത്രമേ ജനാധിപത്യത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും വികസിപ്പിക്കുവാനും കഴിയൂ എന്നത് പുതുതലമുറയില്‍പ്പെട്ട ജനത തിരിച്ചറിയേണ്ടതുണ്ട്. അതിനുള്ള നല്ല ഉദാഹരണംകൂടിയാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പുസ്തകം.”

” ചിന്തകള്‍ മരവിച്ച ഒരുകൂട്ടം പ്രാകൃതര്‍ നയിക്കുന്ന ഊര്‍ധ്വശ്വാസം വലിക്കുന്ന കാലഹരണപ്പെട്ട സംഗതികളാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.” ഇത്തരത്തില്‍ നിരവധി അഭിപ്രായപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരിക്കുന്നത്.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് പുസ്തകം പ്രകാശനം ചെയ്തത്. “ചുംബനം, സമരം, ഇടതുപക്ഷം” എന്നാണ് സിത്താര പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേര്.

സ്മാര്‍ട്ട്‌ഫോണുകളിലൂടെയും ലാപ്പ്‌ടോപ്പിലൂടെയും വിപ്ലവത്തിനു ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവുകളിലെ സമരവും ജീവിതവും അറിയില്ലെന്നും പരനാറികളെ പുണ്യവാളന്മാര്‍ ആക്കുന്നതാണ് സ്വാര്‍ത്ഥതയുടെ പുതുരാഷ്ട്രീയമെന്നുമാണ് ചിന്ത പുസ്തകത്തിലൂടെ അഭിപ്രായപ്പെടുന്നത്.

പുസ്തകം വായിച്ചശേഷം വിലയിരുത്തുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അത്തരത്തില്‍ വന്ന ഒരു കമന്റാണിത്- ” ചുംബന സമരത്തിന്റെ വക്താക്കളില്‍ ഭൂരിപക്ഷവും ഇടതു ചിന്താഗതിക്കാര്‍ തന്നെയായിരുന്നു. പാര്‍ട്ടിയിലെ തന്നെ നല്ലൊരു വിഭാഗം സമരത്തിനു അനുകൂലവുമായിരുന്നല്ലോ.
ഒരു സംഘടനയുടെയും ഔദ്യോഗിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കാത്തവരിലും നല്ല രാക്ഷ്ട്രീയ ബോധവും കാഴ്ചപ്പാടുള്ളവരും ഇഷ്ടം പോലെ ഉണ്ട്. അരാഷ്ട്രീയ വാദികളെന്നോ അരാജകവാദികളെന്നോ പറഞ്ഞ് അകറ്റാന്‍ എളുപ്പം.
അരാഷ്ട്രീയ ജനക്കൂട്ടത്തെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റെതാണ്.
ചിന്ത പുസ്തകത്തില്‍ എന്തെഴുതി എന്ന് പൂര്‍ണമായി വായിച്ചശേഷം വിലയിരുത്തുന്നതാവും ഉചിതമെന്ന് കരുതുന്നു.”