Champions Trophy
29 വര്‍ഷത്തെ പാകിസ്ഥാന്‍റെ കാത്തിരിപ്പിന് ഇതാ അവസാനം; ആദ്യ ചിരി പാകിസ്ഥാന്, ആദ്യ പന്തെറിയാന്‍ ആതിഥേയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 19, 09:03 am
Wednesday, 19th February 2025, 2:33 pm

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കം. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ പാകിസ്ഥാന്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടും.

മത്സരത്തില്‍ ടോസ് നേടി പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

കറാച്ചി നാഷണല്‍ സ്റ്റേഡിയമാണ് വേദി.

നീണ്ട 29വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഐ.സി.സി ഇവന്റിന് പാകിസ്ഥാന്‍ വേദിയാകുന്നത്. 1996ല്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമൊപ്പം ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ മണ്ണിലേക്ക് ഒരു ഐ.സി.സി ഇവന്റെത്തുന്നത്.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ട്രൈ നേഷന്‍ സീരിസില്‍ വിജയം സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്. പാകിസ്ഥാന് പുറമെ സൗത്ത് ആഫ്രിക്കയാണ് സീരീസിലുണ്ടായിരുന്ന മറ്റൊരു ടീം.

പരമ്പരയിലെ മൂന്ന് മത്സരത്തിലും വിജയിച്ചാണ് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്. പരമ്പര വിജയത്തേക്കാള്‍ പാകിസ്ഥാന്‍ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാനും ന്യൂസിലാന്‍ഡിനെ ഈ പരമ്പര സഹായിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് സ്വന്തം തട്ടകത്തില്‍ തങ്ങളെ രണ്ട് തവണ പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഫഖര്‍ സമാന്‍, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, മാറ്റ് ഹെന്റി, വില്‍ ഒ റൂര്‍ക്.

 

 

Content highlight: ICC Champions Trophy: NZ vs PAK: Pakistan won the toss and elect to field first