'നിങ്ങള്‍ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകള്‍ വരുന്നത്'; റിയാസ് സലിമിന് നേരെയുള്ള ചാനല്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനം
Entertainment news
'നിങ്ങള്‍ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകള്‍ വരുന്നത്'; റിയാസ് സലിമിന് നേരെയുള്ള ചാനല്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th August 2022, 1:19 pm

ബിഗ് ബോസ് താരങ്ങളായ റിയാസ് സലിം, ദില്‍ഷ പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്ത ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സ് എന്ന പരിപാടിയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

റിയാസ് സലിമിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ തീര്‍ത്തും വ്യക്തിപരമായ ചോദ്യങ്ങള്‍ വളരെ മോശമായ രീതിയില്‍ ചോദിച്ചതിനാണ് കോമഡി സ്റ്റാര്‍സ് അവതാരക മീരക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നത്.

റിയാസ് സലിമിന്റെ ഫിസിക്കല്‍ അപ്പിയറന്‍സിനെയും സെക്ഷ്വാലിറ്റിയെയും റിലേഷന്‍ഷിപ് സ്റ്റാറ്റസിനെയുമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചു എന്ന തരത്തില്‍ അവതാരക വേദിയില്‍ ചോദ്യം ചെയ്യുന്നത്.

വിഷയത്തില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. ഏഷ്യാനെറ്റ് ചാനല്‍ തന്നെ പങ്കുവെച്ച വീഡിയോയിലെ റിയാസ് സലിമും മീരയും തമ്മിലുള്ള സംഭാഷണത്തിന്‍റെ പൂര്‍ണരൂപം നല്‍കിയതിനൊപ്പമാണ് ഇവര്‍ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്.

‘കോമഡി ഷോ’ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ് ജോക്‌സും വംശീയതയും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണെന്നും പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ കുട്ടികളെയും പ്രായമായവരെയുമെല്ലാം സ്വാധീനിക്കുന്നുണ്ടെന്നും ദീപ നിഷാന്ത് പോസ്റ്റില്‍ പറയുന്നു.

”ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്,” പോസ്റ്റില്‍ പറയുന്നു.

 

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പരിപാടിയുടെ പേര് ‘കോമഡി ഷോ’ എന്നാണ്. അതിലെ കുറച്ച് സംഭാഷണങ്ങളാണ് താഴെ.

അവതാരക: റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.

റിയാസ്: എന്റെ ജെന്റര്‍ ഐഡന്റിറ്റി He Or Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ That’s not my Problem. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ That’s not my Problem.

ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഹോള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട് ചീത്ത മനുഷ്യന്മാരുമുണ്ട്. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട് വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്. ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും.

അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. Let them ask. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍, ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.

അവതാരക: ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നില്‍ക്കുന്നത്. (സ്വന്തം തമാശ സ്വയമാസ്വദിച്ച് അവതാരക ചിരിക്കുന്നു. തുടര്‍ന്ന് അടുത്ത ഗഡാഗഡിയന്‍ ചോദ്യം എടുത്തു വീശുന്നു)

അവതാരക: റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്ന്. ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?

റിയാസ്: ചൂഷണങ്ങള്‍ എന്ന് ഞാന്‍ എടുത്തു പറഞ്ഞിട്ടില്ല. ഞാന്‍ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്.

അവതാരക: അങ്ങനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?

റിയാസ്: രണ്ടു കൂട്ടരുമുണ്ടാകാം. പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന്.

അവതാരക: ഒരുപാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്ടീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

റിയാസ്: ദാറ്റ്‌സ് മൈ പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അവതാരക: അല്ല… എനിക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

റിയാസ്: സിംഗിള്‍.

അവതാരക: എങ്ങനെയുള്ള ഒരു കംപാനിയനെയാണ് ആഗ്രഹിക്കുന്നത്?

റിയാസ്: വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം. നല്ലൊരു മനസ്സായിരിക്കണം. ദാറ്റ്‌സ് ഇറ്റ്.
(പശ്ചാത്തലത്തില്‍ കൂടെ നില്‍ക്കുന്നവരിലാരോ ‘വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?’ എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരിവെച്ച് ചിരിക്കുന്നു)

അവതാരക: അല്ല, മെയിലാണ് ഫീമെയിലാണ് കംപാനിയന്‍ വേണ്ടത്, അങ്ങനെയൊന്നുമില്ലാ?

റിയാസ്: നോ കമന്റ്‌സ്.

അവതാരക: ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ?

റിയാസ്: ഒഫ്‌കോഴ്‌സ് കഴിക്കുമായിരിക്കാം. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ്?

അവതാരക: യെസ് യെസ് അയാം മാരീഡ്’ (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)

റിയാസ്: ഡൂ യൂ വാണ്ട് ടു മാരി മീ?

അവതാരക: ഇല്ല… ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ. (മില്യണ്‍ ഡോളര്‍ ഉത്തരം!)

റിയാസ്: കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റിനിര്‍ത്താം. മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ?

അവതാരക: എനിക്ക് റിയാസിനെ ഇപ്പോള്‍ പേഴ്‌സണലി അധികം അറിയത്തില്ല. അറിയാത്തൊരാളെ എങ്ങനെയാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ? (നിഷ്‌കളങ്കതയുടെ കവിഞ്ഞൊഴുകല്‍)

റിയാസ്: സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല. അതിന്റെ ആവശ്യവുമില്ല.

റിയാസിന്റെ അവസാന ഡയലോഗ് ഇങ്ങനാണ്; You are so good at making people uncomfortable!


‘കോമഡി ഷോ’ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ് ജോക്‌സും വംശീയതയും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്. പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്.

ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി.

Content Highlight: Criticism against Asianet comedy stars anchor Meera Anil for asking too personal questions to Big Boss star Riyas Salim mocking his gender identity