ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ റാമോസ് എന്നിവരുടെ കരാര്‍ സംബന്ധ വിഷയത്തില്‍ സംസാരിച്ച് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍. പി.എസ്.ജിയുമായുള്ള ഇരുതാരങ്ങളുടെയും കരാര്‍ അവസാനിരിക്കെയാണ് ഗാള്‍ട്ടിയര്‍ പ്രതികരിച്ചെത്തിയത്.
മെസിയും റാമോസും മികച്ച താരങ്ങളാണെന്നും ഇരുവരും ഇത്തരത്തിലുള്ള സാഹചര്യങ്ങളോട് പരിചയിച്ചവരാണെന്നും അതിനാല്‍ അത് കളിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വണ്ണില്‍ ബ്രെസ്റ്റിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എം.സി സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസിയും റാമോസും ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. അവര്‍ മികച്ച ട്രാക്ക് റെക്കോഡുകളുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള താരങ്ങളാണ്. അതുകൊണ്ട് അവരുടെ കരാര്‍ സംബന്ധ വിഷയങ്ങളൊന്നും കളിയെ ഒരു തരത്തിലും ബാധിക്കില്ല,’ ഗാള്‍ട്ടിയര്‍ വ്യക്തമാക്കി.
ഈ സീസണില്‍ മികച്ച ഫോമിലാണ് റാമോസ് റാമോസ് പി.എസ്.ജിയില്‍ തുടരുന്നത്. ആദ്യ സീസണില്‍ പരിക്കിനെ തുടര്‍ന്ന് 13 മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. എന്നാല്‍ മികച്ച തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.
ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് 18 ഗോളും 16 അസിസ്റ്റുമാണ് മെസി അക്കൗണ്ടിലാക്കിയത്. ഞായറാഴ്ച ഇന്ത്യന്‍ സമയം 1.30ന് ബ്രെസ്റ്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.