ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കപ്പെട്ടപ്പോൾ അർജന്റീനയുടെ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്.
മികച്ച പുരുഷ താരത്തിനും, പുരുഷ ഗോൾ കീപ്പറിനും, മികച്ച ആരാധകർക്കും, മികച്ച പുരുഷ ടീം പരിശീലകനുമൊക്കെയുള്ള പുരസ്കാരങ്ങൾ അർജന്റീനയിലേക്കാണ് എത്തിയത്.
52 വോട്ടുകൾ നേടി മെസിയാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരച്ചടങ്ങിലെ ഏറ്റവും മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫിഫയിലെ അംഗ രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ, പരിശീലകർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ നിർണയിക്കപ്പെടുന്നത്.
ലോകകപ്പ് കിരീടം, ഗോൾഡൻ ബോൾ, ലീഗ് വൺ ടൈറ്റിൽ മുതലായ കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചതോടെയാണ് മികച്ച പുരുഷ താരമായി മെസി തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ സമകാലിക ഫുട്ബോളിലെ മെസിയുടെ എതിരാളി എന്ന് വിളിക്കപ്പെടുന്ന റൊണാൾഡോക്ക് ഫിഫ ദ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല.ബെസ്റ്റ് ഇലവനിനുള്ള 26 താരങ്ങളുടെ ചുരുക്ക പട്ടികയിൽ റൊണാൾഡോക്കും ഇടം നേടാൻ സാധിച്ചിരുന്നെങ്കിലും താരത്തിന് പുരസ്കാരത്തിനായി കടുത്ത മത്സരം പോലും കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.
എന്നാലിപ്പോൾ അൽ നസറിൽ റൊണാൾഡോയുടെ ടീം മേറ്റായ കൊളംബിയൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഡേവിഡ് ഒസ്പിനയും റൊണാൾഡോക്കായി വോട്ട് ചെയ്തില്ല എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്. മികച്ച താരത്തിനായി രേഖപ്പെടുത്താവുന്ന മൂന്ന് വോട്ടുകളിൽ ഒന്ന് പോലും ഒസ്പിന റൊണാൾഡോക്ക് നൽകിയില്ല.