ദീര്‍ഘനാളത്തെ സമ്മര്‍ദത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തിയിരിക്കുയാണ്. ഖത്തര്‍ ലോകകപ്പിന് ശേഷം മികച്ച ഫോമില്‍ തുടരുകയാണ് യുണൈറ്റഡ്. മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് താരമായത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ്.
റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ റാഷ്‌ഫോര്‍ഡിന് തന്റെ കഴിവ് പുറത്തെടുക്കാനാകുന്നുണ്ടെന്നും ഇത്രയും നാള്‍ റാഷ്‌ഫോര്‍ഡിനെ പോലെയുള്ള താരങ്ങള്‍ റൊണാള്‍ഡോയുടെ നിഴലില്‍ ശ്വാസം മുട്ടിക്കഴിയുകയുമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ റിച്ചാര്‍ഡ് കീസ്.
‘റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേദനയായിരുന്നെന്ന് മാത്രമല്ല അദ്ദേഹം മറ്റ് താരങ്ങളെ ശ്വാസം മുട്ടിക്കുകയുമായിരുന്നു.
റൊണാള്‍ഡോ യുണൈറ്റഡില്‍ ഉണ്ടായിരുന്ന സമയത്ത് 19 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ മാത്രമാണ് നേടിയത്. ഇന്ന് റൊണാള്‍ഡോയുടെ അസാന്നിധ്യത്തില്‍ റാഷ്‌ഫോര്‍ഡിന് 17 മത്സരങ്ങളില്‍ നിന്ന് മാത്രം 16 ഗോള്‍ നേടാന്‍ സാധിച്ചു,’ അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് ശേഷം മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
റൊണാള്‍ഡോയുടെ നിഴലിലായതിനാല്‍ റാഷ്ഫോര്‍ഡിനെ പോലെയുള്ള താരങ്ങള്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും അഭിപ്രായപ്പെട്ട് റിച്ചാര്‍ഡ് കീസിന് പുറമെ പലരും രംഗത്തെത്തിയിരുന്നു.
വേള്‍ഡ് കപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റാഷ്ഫോര്‍ഡ്. നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
ഫെബ്രുവരി 26ന് ന്യൂകാസിലിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.