എജ്ജാതി മനുഷ്യൻ! റൊണാൾഡോ യൂറോപ്പും കീഴടക്കി; ചരിത്രനേട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം
Football
എജ്ജാതി മനുഷ്യൻ! റൊണാൾഡോ യൂറോപ്പും കീഴടക്കി; ചരിത്രനേട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 9:27 am

2024 യൂറോകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി പോര്‍ച്ചുഗല്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്.

സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു അസിസ്റ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ബ്രൂണോ ഫെർണാണ്ടസിന് ഗോളടിക്കാന്‍ വഴിയൊരുക്കി കൊണ്ടാണ് റൊണാള്‍ഡോ ശ്രദ്ധേയമായത്. തുര്‍ക്കിയുടെ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റൊണാള്‍ഡോ ഗോള്‍ അടിക്കാന്‍ സുവര്‍ണ്ണാവസരം ഉണ്ടായിട്ടും താരം ബ്രൂണോക്ക് പന്ത് നല്‍കുകയായിരുന്നു.

ഈ അസിസ്റ്റിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

യൂറോകപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ബൂട്ട് കെട്ടിയ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്. ഇതോടെ ഇത്ര തന്നെ അസിസ്റ്റുകള്‍ സ്വന്തമാക്കിയ മുന്‍ ചെക്ക് റിപ്പബ്ലിക് താരം കരേല്‍ പോബൊസ്‌കിയുടെ റെക്കോര്‍ഡിനൊപ്പം എത്താനും അല്‍ നസര്‍ നായകന് സാധിച്ചു.

അതേസമയം മത്സരത്തിന്റെ 21ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യം മുന്നിലെത്തിയത്. എട്ട് മിനിട്ടുകള്‍ക്കു ശേഷം സമേത് അക്കയ്ഡിന്റെ ഓൺ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.

മത്സരത്തില്‍ 57 ശതമാനം ബോള്‍ പൊസഷന്‍ റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്തായിരുന്നു. 12 ഷോട്ടുകള്‍ ആണ് തുര്‍ക്കിയുടെ പോസ്റ്റിലേക്ക് പോര്‍ച്ചുഗല്‍ ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകള്‍ ആയിരുന്നു തുര്‍ക്കി നേടിയത്. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവുമായി ആറു പോയിന്റോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഒരു വിജയവും തോല്‍വിയും അടക്കം മൂന്നു പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ് തുര്‍ക്കി.

ജൂണ്‍ 27ന് ജോര്‍ജിയക്കെതിരെയാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കാണ് തുര്‍ക്കിയുടെ എതിരാളികള്‍.

 

Content Highlight: Cristaino Ronaldo create a New Milestone in Euro Cup History