icc world cup
ഒന്ന് ഇറങ്ങിപ്പോ പൊന്നുകുഞ്ഞേ... ഇന്ത്യന്‍ ടീമിലേക്ക് ജാര്‍വോയുടെ തിരിച്ചുവരവ്, നാടകീയ സംഭവങ്ങള്‍
ഇന്ത്യ – ഓസീസ് മാച്ചിനിടെ നാടകീയ രംഗങ്ങള്‍. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ സുപരിചിതനായ ജാര്‍വോയുടെ തിരിച്ചുവരവിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളക്ക് ശേഷമാണ് ജാര്‍വോ തന്റെ തിരിച്ചുവരവ് നടത്തിയത്, അതും ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ.
ജാര്‍വോ എന്നെഴുതിയ ഇന്ത്യന്‍ ജേഴ്‌സി ധരിച്ചാണ് ‘ഇന്ത്യയുടെ ജേഴ്‌സി നമ്പര്‍ 69’ കളത്തിലിറങ്ങിയത്. ഇതിന് മുമ്പ് ഇന്ത്യയുടെ ടെസ്റ്റ് മാച്ചുകളിലും ഇത്തരത്തില്‍ ജാര്‍വോ മൈതാനത്തെത്തി ആരാധകരെ കയ്യിലെടുത്തിരുന്നു.
കളിക്കളത്തിലെത്തിയ ജാര്‍വോയോട് വിരാട് കോഹ്‌ലി സംസാരിക്കുന്നതും, വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ മൈതാനം വിട്ട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതും, സെക്യൂരിറ്റി അധികൃതര്‍ ജാര്‍വോയെ പുറത്താക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
2021 ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു യൂട്യൂബറായ ജാര്‍വോ ആദ്യമായി കളത്തിലിറങ്ങി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ബാറ്ററുടെ വേഷത്തിലാണ് ജാര്‍വോ കളത്തിലിറങ്ങിയത്. മൈതാനത്തെത്തിയ ശേഷമാണ് ഇത് ഇന്ത്യന്‍ താരമല്ല, മറ്റൊരാള്‍ ആണെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും മനസിലായത്.
കാര്യമറിഞ്ഞതോടെ സെക്യൂരിറ്റി അധികൃതര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നു. അടുത്ത ടെസ്റ്റില്‍ ജാര്‍വോ വീണ്ടും ഗ്രൗണ്ടിലെത്തിയിരുന്നു.
ചെപ്പോക്കിലും ജാര്‍വോ തന്റെ പതിവ് രീതികള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ഒന്നാകെ ഒരിക്കല്‍ക്കൂടി ജാര്‍വോ നിറയുകയായിരുന്നു.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. അര്‍ധ സെഞ്ച്വറിയിലേക്ക് നടന്നടുത്ത സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.
മത്സരത്തിന്റെ 17ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു വാര്‍ണറിന്റെ മടക്കം. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു വാര്‍ണറിന്റെ മടക്കം. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 52 പന്തില്‍ 41 റണ്‍സ് നേടി നില്‍ക്കവെയാണ് വാര്‍ണര്‍ മടങ്ങിയത്.
നേരത്തെ മൂന്നാം ഓവറില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെയും ഓസീസിന് നഷ്ടമായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ സ്ലിപ്പിലുള്ള വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് പുറത്തായത്. ആറ് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയായിരുന്നു മാര്‍ഷിന്റെ മടക്കം.
ഈ ക്യാച്ചിന് പിന്നാലെ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം ക്യാച്ച് നേടുന്ന താരം എന്ന റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു.
അതേസമയം, മത്സരത്തില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 89 റണ്‍സിന് രണ്ട് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 56 പന്തില്‍ 39 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 18 പന്തില്‍ ഒമ്പത് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.
Content Highlight: Cricket fan Jarvo is back on the field