national news
ജമ്മുകശ്മീരില്‍ വിഘടനവാദം പറയുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 28, 03:24 am
Thursday, 28th March 2019, 8:54 am

ശ്രീനഗര്‍: ജമാഅത്തെ ഇസ്‌ലാമിയെയും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെയും നിരോധിച്ചത് കശ്മീരിന്റെ സമാധാനത്തിന് വേണ്ടിയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയുന്ന എല്ലാ സംഘടനകളെയും നിരോധിക്കും. ജമാഅത്ത് ഉള്‍പ്പടെയുള്ള സംഘടനകളുടെ നിരോധനം പിന്‍വലിക്കുമെന്ന് ആരും കരുതേണ്ടെന്നും റാം മാധവ് പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ജമാഅത്തിന്റെയും ജെ.കെ.എല്‍.എഫിന്റെയും നിരോധനം നീക്കുമെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. ഇതിനോടാണ് മുന്‍ സഖ്യകക്ഷി നേതാവായ റാം മാധവിന്റെ പ്രതികരണം.

പി.ഡി.പിയെ നിരോധിക്കുമോയെന്ന ചോദ്യത്തിന് മെഹബൂബ ഇനി എന്നെങ്കിലും അധികാരത്തില്‍ തിരിച്ചു വരുമോയെന്ന് റാം മാധവ് ചോദിച്ചു. ബി.ജെ.പിയാണ് ഇപ്പോള്‍ കശ്മീരിലെ മുഖ്യധാര പാര്‍ട്ടിയെന്നും പ്രാദേശിക പാര്‍ട്ടികള്‍ രാഷ്ട്രീയ ഭാവി ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണെന്നും റാം മാധവ് അവകാശപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ജെ.കെ.എല്‍.എഫിനെയും നിരോധിച്ചത്. ജെ.കെ.എല്‍.എഫ് അധ്യക്ഷനായ മുഹമ്മദ് യാസിന്‍ മാലിക്ക് (52) നിലവില്‍ ജമ്മുവില്‍ ജയിലിലാണ്.