തിരുവനന്തപുരം: എസ്.ഡി.പി.ഐ നേതാക്കള്‍ എ.കെ.ജി സെന്ററിനുള്ളില്‍ കയറി സി.പി.ഐ.എം നേതാക്കളെ സന്ദര്‍ശിച്ചെന്ന വാര്‍ത്ത തള്ളി സി.പി.ഐ.എം. ബോംബ് ആക്രമണത്തിന് ശേഷം എസ്.ഡി.പി.ഐ സംഘം എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും, ചിലര്‍ എ.കെ.ജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ ഒന്നിന് അഞ്ച് മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ട്ടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച്ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് അവര്‍ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവര്‍ എ.കെ.ജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂര്‍ണമായും കളവാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്.ഡി.പി.ഐ പോലുള്ള വര്‍ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ച്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കിയയച്ചത്.