ന്യൂദല്‍ഹി: നയപ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതെ വിട്ടുകളഞ്ഞ നടപടിയില്‍ പ്രതിഷേധമറിയിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ശബ്ദമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം ഗവര്‍ണര്‍ രവി നിര്‍ലജ്ജം ലംഘിച്ചെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം അതേപടി ഗവര്‍ണര്‍ വായിക്കണമെന്നത് ദീര്‍ഘകാലമായി തുടരുന്ന കീഴ് വഴക്കമാണ്. ഗവര്‍ണര്‍ മുന്‍കൂട്ടി അംഗീകരിച്ച പ്രസംഗ ഉള്ളടക്കത്തിന്റെ ഭാഗങ്ങളാണ് അദ്ദേഹം വായിക്കാതിരുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാനപാലന മേഖലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനുള്ള വിരോധമാണ് ഈ നീക്കത്തില്‍ വ്യക്തമാകുന്നത്.
തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കരണ മേഖലയിലെ പ്രമുഖരെക്കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനപരമായ പങ്ക് അട്ടിമറിക്കാനും ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്താനും അധികാര കേന്ദ്രീകരണത്തിനും ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള നീക്കങ്ങളുടെ മാതൃക കൂടിയാണ് തമിഴ്‌നാട് ഗവര്‍ണര്‍ രവിയുടെ നടപടിയെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.