national news
സ്വകാര്യത പൗരന്മാരുടെ മൗലികാവകാശം; കൊവിന്‍ പോര്‍ട്ടല്‍ വിവരച്ചോര്‍ച്ചഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നത്: സി.പി.ഐ.എം പി.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 12, 03:22 pm
Monday, 12th June 2023, 8:52 pm

ന്യൂദല്‍ഹി: കൊവിന്‍ പോര്‍ട്ടല്‍ വിവരച്ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. വിഷയം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതും പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്നും സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

‘വാക്സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭവം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.

2021 ജൂണിലും കൊവിന്‍ ആപ്പിനെക്കുറിച്ച് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ നിഷേധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള കൗണ്ടര്‍ ഹാക്കിങ് ഗ്രൂപ്പായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വിവരചോര്‍ച്ച തടയാന്‍ സംവിധാനമൊരുക്കുന്നതിനൊപ്പം സമഗ്ര അന്വേഷണം നടത്തി പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം,’ സി.പി.ഐ.എം ആവശ്യപ്പെട്ടു.

അതേസമയം, കൊവിന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ ടെലഗ്രാം ബോട്ടിലൂടെ പുറത്തുവന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പൗരന്മാര്‍ വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങള്‍, ജനന വര്‍ഷം, വാക്സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്.