ന്യൂദല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയായേക്കും. ഇത് സംബന്ധിച്ച കേന്ദ്രകമ്മിറ്റി തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും.
സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഒമ്പതുവര്‍ഷത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തും. മുമ്പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
അതേസമയം, കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് ആറുമാസത്തിന് ശേഷം ചേരുന്ന കേന്ദ്രകമ്മിറ്റിയുടെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബംഗാള്‍ ഘടകത്തിന്റെ അവലോകന റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കപ്പെടും.