ന്യൂദല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിശദമായ മാര്‍ഗരേഖ സമര്‍പ്പിച്ച് സി.പി.ഐ.എം. നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് പേര്‍ തൊഴില്‍ നഷ്ടം മൂലം പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണവും സാമ്പത്തികസഹായവും നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. അതിസമ്പന്നര്‍ക്ക് സ്വത്ത് നികുതി ഏര്‍പ്പെടുത്തണമെന്നും സി.പി.ഐ.എം നിര്‍ദേശിക്കുന്നു.
സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി.എസ്.ടി കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സി.പി.ഐ.എം നിര്‍ദേശിച്ച മാര്‍ഗരേഖകള്‍:-
നിര്‍ദേശങ്ങള്‍
കോടിക്കണക്കിനു പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണവും സാമ്പത്തികസഹായവും നല്‍കണം.
ആദായനികുതി ദായകരില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപവീതം മൂന്ന് മാസം നല്‍കണം.
എല്ലാ വ്യക്തികള്‍ക്കും പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറ് മാസം നല്‍കണം. എഫ്.സി.ഐ ഗോഡൗണുകളില്‍ 7.7 കോടി ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ട്. കരുതല്‍ശേഖരം 2.4 കോടി ടണ്‍ മതി.
തൊഴിലുറപ്പ് പദ്ധതി വേതന കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കണം. ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചുവരുന്ന തൊഴിലാളികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പദ്ധതി നഗരങ്ങളിലും നടപ്പാക്കണം.
വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണം. കാര്‍ഷികമേഖലയില്‍ കടാശ്വാസം നല്‍കണം. പുതിയ വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിക്കണം.