national news
മോദിയുടെ ത്രിപുര സന്ദര്‍ശനം ഇന്ന്; മൂന്ന് സി.പി.ഐ.എം എം.പിമാരും മോദിയെ ബഹിഷ്‌ക്കരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 09, 03:47 am
Saturday, 9th February 2019, 9:17 am

അഗര്‍ത്തല: പൗരത്വഭേദഗതി ബില്ലിനെതിരായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് പ്രധാനമന്ത്രി മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് ത്രിപുരയിലെ എം.പിമാര്‍.

സി.പി.ഐ.എം എം.പിമാരായ ജിതേന്ദ്ര ചൗധരി, ശങ്കര്‍ പ്രസാദ് ദത്ത, ജര്‍ന ദാസ് ബൈദ്യ (രാജ്യസഭാ എം.പി) എന്നിവരാണ് ഇന്ന് അഗര്‍ത്തലയിലെത്തുന്ന മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവവനയില്‍ അറിയിച്ചത്. ത്രിപുരയ്ക്കാകെ മൂന്ന് പാര്‍ലമെന്റ് അംഗങ്ങളാണുള്ളത്.

ഭരണഘടനാ മൂല്ല്യങ്ങള്‍ക്ക് എതിരായ പൗരത്വഭേദഗതി ബില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിക്കുന്നതാണെന്നും രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന മോദി അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനത്ത് റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ അസ്സമില്‍ സന്ദര്‍ശനത്തിനെത്തിയ മോദിയ്ക്ക് നേരെ ഗോബാക്ക് വിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായിരുന്നു. വിമാനമിറങ്ങി രാജ്ഭവനിലേക്ക് പോകുമ്പോഴായിരുന്നു മോദിയ്‌ക്കെതിരെ പ്രതിഷേധം. ഇന്ന് ത്രിപുരയിലും പ്രതിഷേധമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.