തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
വി.ശിവദാസന്‍, എ.എം ആരിഫ്, എളമരം കരീം എന്നീ എം.പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. സന്ദര്‍ശനം മുടക്കാന്‍ അഡ്മിനിസ്‌ടേഷന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. ദ്വീപിലെ യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന ആശങ്കയാണ് ഭരണകൂടത്തിനെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എ.ഐ.സി.സി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. കൊവിഡ് കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തത് മൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.
അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.