തിരുവനന്തപുരം: കൊല്ലപ്പെട്ട മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ രക്തസാക്ഷി ഫണ്ടിലേക്ക് 3,10,74,887 രൂപ ലഭിച്ചതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. പ്രസ്താവനയിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.
അഭിമന്യുവിന്റെ സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിയ്ക്കുമെന്നും
വട്ടവടയില്‍ പത്ത് സെന്റ് സ്ഥലത്ത് കുടുംബത്തിന് വേണ്ടി നിര്‍മ്മിക്കുന്ന വീട് പണി പൂര്‍ത്തീകരിക്കാറായെന്ന് പ്രസ്താവന പറയുന്നു.
അഭിമന്യുവിന്റെ സ്മാരകമായി എറണാകുളം നഗരത്തില്‍ വിദ്യാര്‍ത്ഥി സേവന കേന്ദ്രം നിര്‍മ്മിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും മറ്റ് കാര്യങ്ങളും നിര്‍വ്വഹിക്കുമെന്നും കോടിയേരി പറഞ്ഞു.
രക്തസാക്ഷി ഫണ്ട് പിരിവ് വിജയിപ്പിച്ച മുഴുവനാളുകള്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറയുന്നു.