Kerala News
സി.പി.ഐ.എമ്മില്‍ പ്രായപരിധി 75 ആക്കുന്നു; മേല്‍ക്കമ്മിറ്റി മുതല്‍ താഴേക്കും ബാധകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 01, 03:18 am
Sunday, 1st December 2019, 8:48 am

തിരുവനന്തപുരം: സി.പി.ഐ.എമ്മില്‍ പ്രായ പരിധി 75 ആയി നിശ്ചയിച്ചു. പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായം 75 ആക്കി മാറ്റാനാണ് പുതിയ നിര്‍ദേശം. നിലവില്‍ 80 വയസ്സാണ് പ്രായപരിധി. 80 വയസ്സ് കഴിഞ്ഞവരും പ്രത്യേക ഇളവു നല്‍കി പാര്‍ട്ടിയില്‍ തുടരുന്നുണ്ട്.

പുതിയ പ്രായപരിധി നിലവില്‍ വരുന്നതോടെ ഒട്ടേറെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടുത്ത സമ്മേളനത്തില്‍ പുറത്താവും. സംസ്ഥാന കമ്മിറ്റികളില്‍ അതിനും താഴെ പ്രായപരിധിയാണ് പുതുതായി നിര്‍ദേശിച്ചിട്ടുള്ളത്.

സംസ്ഥാന കമ്മിറ്റിയില്‍ പ്രായ പരിധി 65 ആക്കുക എന്നതാണ് കേരളത്തില്‍ പരിഗണിക്കപ്പെടുന്നത്. രണ്ടു സമ്മേളന കാലയളവിനിടെയാണ് പ്രായപരിധി പിന്നിടുന്നതെങ്കില്‍ അതിന്റെ പേരില്‍ ആദ്യ സമ്മേളനത്തില്‍ ഒഴിവാക്കില്ല.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പില്‍ വരികയെങ്കിലും അതു മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പോഷകസംഘടനകളിലെല്ലാം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പുതിയ സി.ഐ.ടി.യു കമ്മിറ്റികളിലും ഭാരവാഹികളിലും 25 ശതമാനം സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിലും ഇത് നടപ്പാക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായപരിധി നിലവില്‍ വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇതില്‍ വരുമോ എന്നതാണ് മറ്റൊരു ചര്‍ച്ച. 2021ലെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ആവുമ്പോഴേക്കും 75 വയസ്സെന്ന പ്രായ പരിധി പിണറായി വിജയന്‍ പിന്നിടും.

അതുപോലെ എസ്. രാമചന്ദ്ര പിള്ള, പി. കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാകും. 75 വയസ്സ് പിന്നിട്ട ആനത്തലവട്ടം ആനന്തന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എന്നിവരും നിലവില്‍ പാര്‍ട്ടിയിലുണ്ട്.