ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍
Kerala News
ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 1:51 pm

തിരുവനന്തപുരം: പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളാണെന്നും അതാണ് പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമര്‍ശിച്ചു.

കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നതെന്നും വര്‍ഗീയ ചേരിത്തിരിവുണ്ടാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുകയാണെന്നും ചില മുസ്‌ലിം സംഘടനകള്‍ ഇതിന് ബദലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വലതുപക്ഷ ശക്തികള്‍ ഒന്നിച്ചു ശ്രമിച്ചുവെന്നും കെറെയില്‍ പദ്ധതി തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്വയം അധികാരകേന്ദ്രങ്ങളായി മാറരുതെന്ന് കോടിയേരി പറഞ്ഞു. ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കരുതെന്നും അങ്ങനെ വന്നാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലക്കു പകരം കൊല സി.പി.ഐ.എം നയമല്ലെന്നും കോടിയേരി പറഞ്ഞു.

കൊലപാതകികളെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണമെന്നും ഈ സമീപനമാണ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: CPIM activists should not turn themselves into centers of power; Kodiyeri Balakrishnan