കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പകരം വസ്തുതകള്‍ പുറത്തുവരണമെന്ന് സി.പി.ഐ. മുഖപത്രം ജനയുഗം. അപകടം നടന്ന ദിവസം പിടിയിലായ കള്ളക്കടത്തുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കുറ്റാരോപിതരുടെയും അറസ്റ്റിലായവരുടെയും ബന്ധങ്ങള്‍ തേടിയുള്ള വിവാദ നിര്‍മ്മിതിയായി മാറിയിരിക്കുകയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് രാഷ്ട്രീയമോ അല്ലാത്തതോ ആയതും പാടില്ലാത്തതും ധാര്‍മ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അവ പുറത്തുവരേണ്ടതുതന്നെയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കുവാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്നും പത്രം പറഞ്ഞു.
കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം, കണ്ണൂര്‍ പൊട്ടിക്കല്‍ എന്നിങ്ങനെയുള്ള സംഘങ്ങളെ കുറിച്ചും അവരുടെ ചെയ്തികള്‍, നീതികേടുകള്‍, കള്ളക്കടത്തിനും ക്വട്ടേഷനുകള്‍ക്കുമുള്ള വിഭ്രമാത്മക രീതികള്‍ എന്നിവയുടെ വിവരണ കഥകളിലൂടെയാണ് ഇപ്പോള്‍ നമ്മുടെ സഞ്ചാരമെന്നും മുഖപ്രസംഗം പറഞ്ഞു.
അത്തരം വിവരണങ്ങള്‍ക്കൊപ്പം ഈ സംഭവങ്ങള്‍ നമ്മുടെ സാമ്പത്തിക അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നെന്നും പത്രം ആശങ്കപ്രകടിപ്പിച്ചു.
ഏകദേശം ഒരുവര്‍ഷം മുമ്പാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. അപ്പോഴും ഇതിന് സമാനമായതു തന്നെയാണ് സംഭവിച്ചതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടവും എതിരാളികള്‍ക്കെതിരായ അപഹാസ അവസരവും പ്രതിചേര്‍ക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, വിവാദ നിര്‍മ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോള്‍ ആ സ്വര്‍ണക്കള്ളക്കടത്തു കേസിലും യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തു തന്നെ വിരാജിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് നിര്‍ബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും അത്തരമൊരു പരിണതിയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
രാമനാട്ടുകര കേസില്‍ അറസ്റ്റിലായ കുറ്റാരോപിതരുടെ സി.പി.ഐ.എം. ബന്ധം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖപ്രസംഗമെന്നതും ശ്രദ്ധേയമാണ്. കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി തിങ്കളാഴ്ചയാണ് കസ്റ്റംസിന് മുന്നില്‍ ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അര്‍ജുന്‍ ഹാജരായത്.
രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഷഫീഖിന്റെ മൊഴി പ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍. മുഹമ്മദ് ഷഫീഖ് കാരിയര്‍ മാത്രമായിരുന്നു എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.
എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതല്‍ അര്‍ജുന്‍ ഒളിവിലായിരുന്നു.
ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി. ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.
നേരത്തെ സ്വര്‍ണക്കടത്തിന് അര്‍ജുന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവ് സി. സജേഷിന്റെതാണ് കാറെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജര്‍ അറിയിച്ചിരുന്നു.
അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. എന്നാല്‍, തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോയ്യോട് സര്‍വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.ഐ.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.
സി.പി.ഐ.എമ്മുമായി അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവരെ തള്ളി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എം.വി. ജയരാജന്‍ പറഞ്ഞത്.
ഇതിനിടെ ഡി.വൈ.എഫ്.ഐക്ക് മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി രംഗത്ത് എത്തിയിരുന്നു. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ‘എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും,’ ആകാശ് തില്ലങ്കേരി പറഞ്ഞു.
ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ആകാശ് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
ജനയുഗം മുഖപ്രസംഗം പൂര്‍ണരൂപം,
ജൂണ്‍ 21 ന് കോഴിക്കോട് രാമനാട്ടുകരയില്‍ നടന്ന ഒരു അപകടം വലിയ മാനങ്ങള്‍ സൃഷ്ടിച്ച ഒരു വിവാദമായി ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവില്‍ അഞ്ചുപേരുടെ മരണത്തിന് കാരണമായ അപകടം നടന്നത്.
ആദ്യവാര്‍ത്തകളില്‍ പുലര്‍ച്ചെ നടന്ന ഒരപകടം മാത്രമായിരുന്നു അത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ വഴിയായതിനാല്‍ സ്വാഭാവികമായും യാത്രക്കാരായിരിക്കും മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
വിമാനത്താവളത്തില്‍ നിന്ന് വടക്കോട്ട് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച മുഹമ്മദ് ഷഹീര്‍, നാസര്‍, താഹിര്‍, അസൈനാര്‍, സുബൈര്‍ എന്നീ അഞ്ചുപേരും തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലുള്ളവരായിരുന്നുവെന്നത് പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തിയിരിക്കാം. അതുകൊണ്ടുതന്നെ മരിച്ചവരെ സംബന്ധിച്ച പൊലീസ് അന്വേഷണം ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് പിന്നീട് പുറത്തുകൊണ്ടുവന്നത്.
ആദ്യം വാഹനാപകടമെന്ന നിലയിലും പിന്നീട് ദുരൂഹമെന്ന നിലയിലും പ്രചരിച്ച വാര്‍ത്തകള്‍ വിധ്വംസക അധോലോക മാഫിയാ ബന്ധങ്ങളുള്ളതും ചുരുളഴിയുന്ന അപസര്‍പ്പക കഥകളിലേയ്ക്കും വഴിമാറി. സ്വര്‍ണക്കള്ളക്കടത്ത്, അങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കല്‍, അതിനുവേണ്ടിയുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിങ്ങനെ കണ്ണികളും ചങ്ങലകളും നീളുന്ന സംഭവങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകളും മൊഴികളുമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ അപകടം നടന്ന ദിവസം പിടിയിലായ കള്ളക്കടത്തുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കുറ്റാരോപിതരുടെയും അറസ്റ്റിലായവരുടെയും ബന്ധങ്ങള്‍ തേടിയുള്ള വിവാദ നിര്‍മ്മിതിയായി മാറിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് രാഷ്ട്രീയമോ അല്ലാത്തതോ ആയതും പാടില്ലാത്തതും ധാര്‍മ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അവ പുറത്തുവരേണ്ടതുതന്നെയാണ്.
പക്ഷേ ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കുവാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്. കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം, കണ്ണൂര്‍ പൊട്ടിക്കല്‍ എന്നിങ്ങനെയുള്ള സംഘങ്ങളെ കുറിച്ചും അവരുടെ ചെയ്തികള്‍, നീതികേടുകള്‍, കള്ളക്കടത്തിനും ക്വട്ടേഷനുകള്‍ക്കുമുള്ള വിഭ്രമാത്മക രീതികള്‍ എന്നിവയുടെ വിവരണ കഥകളിലൂടെയാണ് ഇപ്പോള്‍ നമ്മുടെ സഞ്ചാരം.
അത്തരം വിവരണങ്ങള്‍ക്കൊപ്പം ഈ സംഭവങ്ങള്‍ നമ്മുടെ സാമ്പത്തിക അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നു. ഏകദേശം ഒരുവര്‍ഷം മുമ്പാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.
അപ്പോഴും ഇതിന് സമാനമായതു തന്നെയാണ് സംഭവിച്ചത്. രാഷ്ട്രീയ നേട്ടവും എതിരാളികള്‍ക്കെതിരായ അപഹാസ അവസരവും പ്രതിചേര്‍ക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, വിവാദ നിര്‍മ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോള്‍ ആ സ്വര്‍ണക്കള്ളക്കടത്തു കേസിലും യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തു തന്നെ വിരാജിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് നിര്‍ബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും അത്തരമൊരു പരിണതിയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ സാധിക്കുന്നില്ല.
സ്വര്‍ണക്കടത്തുപോലുള്ള അനധികൃത നടപടികള്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെയും രാജ്യത്തിന്റെ ഭദ്രതയെയും ബന്ധപ്പെട്ടതാണ്. ആറുമാസങ്ങള്‍ക്ക് മുമ്പ് ലോക്സഭയില്‍ നല്കിയ മറുപടി അനുസരിച്ച് അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 3,122 കോടി വിലമതിക്കുന്ന 11,000 കിലോഗ്രാം സ്വര്‍ണമായിരുന്നു.
രാജ്യത്തെ പ്രമുഖമായ വിമാനത്താവളങ്ങളിലൂടെ നടക്കുന്ന കള്ളക്കടത്തില്‍ വളരെ ചെറിയ ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതുതന്നെ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെതുടര്‍ന്നോ അല്ലാതെയോ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ ഫലമായിട്ടാണ്. വന്‍ കള്ളക്കടത്ത് നടത്തുന്നതിന്റെ ഭാഗമായി ചെറിയ തുകയ്ക്കുള്ളത് പിടികൊടുക്കുന്ന രീതിയുണ്ടെന്ന വെളിപ്പെടുത്തലുകളുമുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കാന്‍ പര്യാപ്തമാവുന്ന അളവിലും തുകയ്ക്കുമുള്ള കള്ളക്കടത്തു സ്വര്‍ണം ഇവിടേയ്ക്ക് വരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
നികുതി വെട്ടിച്ച് ഇവിടെ സ്വര്‍ണമെത്തുമ്പോള്‍ തന്നെ കുഴല്‍പ്പണ ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു. അതിന്റെ കൂടെ കള്ളക്കടത്ത് നടത്തുന്നവരും സ്വര്‍ണം തട്ടിയെടുത്തു സമ്പന്നരാകുന്നവരും അതിനിടയിലെ ക്വട്ടേഷന്‍ സംഘങ്ങളും എല്ലാം ചേരുമ്പോള്‍ അത് വലിയ ക്രമസമാധാന പ്രശ്‌നവും ധാര്‍മ്മിക വെല്ലുവിളിയുമായി മാറുകയും ചെയ്യുന്നു.
അനാശാസ്യകരമായ രാജ്യാന്തര കുറ്റവാളി ശൃംഖലയുടെ രൂപീകരണത്തിനും അത് വഴിയൊരുക്കുന്നു. ഈ വിധത്തില്‍ വിവിധ മാനങ്ങളുള്ള കുറ്റകൃത്യം എന്ന നിലയില്‍ സ്വര്‍ണക്കള്ളക്കടത്ത് പലപ്പോഴും അന്വേഷിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്റെ അനന്ത സാധ്യതകളുടെ മായാവലയത്തിലേയ്ക്ക് കൂടുതല്‍ പേര്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഈ വസ്തുതകളും ഏറ്റവും വിപുലമായ സംവാദ വിഷയമായി മാറേണ്ടതുണ്ട്.