കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: എട്ട് പേര്‍ക്കെതിരെ സി.പി.ഐ.എം. നടപടി; നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
Kerala News
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: എട്ട് പേര്‍ക്കെതിരെ സി.പി.ഐ.എം. നടപടി; നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th July 2021, 7:51 pm

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കടുത്ത നടപടിയുമായി സി.പി.ഐ.എം. നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുനില്‍ കുമാര്‍, ബിജു കരീം, പാര്‍ട്ടി അംഗം ജില്‍സ്, ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ചേര്‍ന്ന സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായ കെ.സി. പ്രേമരാജനെ സ്ഥാനത്ത് നിന്ന് മാറ്റുകയും തട്ടിപ്പില്‍ പ്രതികളായ ബാങ്ക് ജീവനക്കാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാറാണ് കണ്ടെത്തിയത്. വായ്പാ തട്ടിപ്പ് ഗുരുതരമാണെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.

46 പേരുടെ ആധാരത്തിന്‍മേലുള്ള വായ്പാ തുക ഒറ്റ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ സി.പി.ഐ.എം. നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി നേരത്തെ പിരിച്ചുവിട്ടിരുന്നു.

അതേസമയം, കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 29 അനധികൃത വായ്പ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. 29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റിയതായും കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 CONTENT HIGHLIGHTS:  CPI (M) takes stern action against Karuvannur Co-operative Bank scam