CAA Protest
'പൗരത്വനിയമം ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്നതും'; സി.പി.ഐ.എം സുപ്രീംകോടതിയിലേക്കെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 16, 11:57 am
Monday, 16th December 2019, 5:27 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.ഐ.എം സുപ്രീം കോടതിയിലേക്കെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ റദ്ദു ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ പൗരത്വ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും റദ്ദുചെയ്യുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ പോകാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്’ ,യെച്ചൂരി ട്വീറ്റ് ചെയ്തു.

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെയും യെച്ചൂരി നേരത്തെ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് നിയമവിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍നിന്നും പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതില്‍ പാര്‍ട്ടി അപലപിക്കുന്നെന്നും യെച്ചൂരി ട്വീറ്റില്‍ കുറിച്ചു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം കനത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലിം സര്‍വകലാശാലകളില്‍ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

പ്രതീകാത്മക പ്രതിഷേധമാണു തന്റെയെന്നും സമാധാനപരമായാണു തങ്ങള്‍ ഇതു ചെയ്യുന്നതെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, സുഷ്മിത ദേവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. നാലുമണിക്കാണു പ്രതിഷേധം ആരംഭിച്ചത്. എത്ര മണിവരെ ഇതു നീളുമെന്നോ ഇനിയും ആരൊക്കെ പങ്കെടുക്കുമെന്നോ ഉള്ള കാര്യം വ്യക്തമല്ല.