ശ്രീരാമൻ മാംസാഹാരം കഴിക്കുന്ന പിന്നോക്കക്കാരൻ; പ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യ മുഴുവൻ മാംസാഹാരം വിലക്കണമെന്ന ബി.ജെ.പി പ്രസ്താവനക്കെതിരെ എൻ.സി.പി നേതാവ്
national news
ശ്രീരാമൻ മാംസാഹാരം കഴിക്കുന്ന പിന്നോക്കക്കാരൻ; പ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യ മുഴുവൻ മാംസാഹാരം വിലക്കണമെന്ന ബി.ജെ.പി പ്രസ്താവനക്കെതിരെ എൻ.സി.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 6:08 pm

മഹാരാഷ്ട്ര: വനവാസത്തിനിടെ ശ്രീ രാമനും മാംസം കഴിച്ചിരുന്നു എന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എം.എൽ.എ ആയ ഡോ. ജിതേന്ദ്ര അവാദിന്റെ പ്രസ്‌താവന വിവാദത്തിൽ.

അയോധ്യയിൽ രാമപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഇന്ത്യ മുഴുവൻ മാംസാഹാരങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് മുംബ്ര-കൽവ എം.എൽ.എ ആയ ജിതേന്ദ്ര അവാദ് പരാമർശവുമായി രംഗത്ത് എത്തിയത്.

രാമൻ മാംസഹാരി ആയിരുന്ന പിന്നോക്കക്കാരൻ ആയിരുന്നെന്നും, പതിനാല് വർഷത്തെ വനവാസകാലത്ത് മൃഗങ്ങളെ വേട്ടയാടി കഴിച്ചിരുന്നെന്നും ജിതേന്ദ്ര പറഞ്ഞു.

ബി.ജെ.പി ഞങ്ങളോട് മാംസം കഴിക്കാതിരിക്കാൻ പറഞ്ഞാൽ രാമൻ പിന്തുടർന്ന തത്വങ്ങളാണ് ഞങ്ങൾ പിന്തുടരുക എന്ന് പറഞ്ഞ അദ്ദേഹം ഞങ്ങൾ ആ ദിവസം മട്ടൻ കഴിക്കുമെന്നും ഇതുതന്നെ ആണ് രാമന്റെയും തത്വം എന്ന് കൂട്ടിചേർത്തു.
മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് എം.എൽ.എ പ്രസ്താവന നടത്തിയത്.

എന്നാൽ ശരത് പവർ വിഭാഗം നേതാവിന്റെ ഈ പ്രസ്താവനക്കെതിരെ രാമജന്മഭൂമി ക്ഷേത്ര പുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തെത്തി.

ജിതേന്ദ്ര അവാദിന്റെ ഈ പ്രസ്താവന പൂർണമായും തെറ്റാണെന്ന് പറഞ്ഞ സത്യേന്ദ്ര ദാസ് ഹിന്ദുമത ഗ്രന്ഥത്തിൽ എവിടെയും രാമൻ മാംസം കഴിച്ചതിനെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞു. കൂടാതെ രാമൻ വനവാസകാലത്ത് പഴങ്ങൾ ആയിരുന്നു കഴിച്ചതെന്നും കൂട്ടിച്ചേർത്തു.

എന്നാൽ താൻ വിവാദമാക്കാനുള്ള ഒന്നും പറഞ്ഞിട്ടില്ലെന്ന് അവാദ് പ്രതികരിച്ചു. തന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാമനെ വെജിറ്റേറിയനാക്കാൻ വ്യവസ്ഥാപിതമായ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും മാംസാഹാരികളാണ്. അവർ രാമഭഗവാനെ ആരാധിക്കുന്നവരുമാണ് അദ്ദേഹം പറഞ്ഞു.

അതിനിടെ ബി.ജെ.പി എം.എൽ.എ രാം കദം എൻ.സി.പി നേതാവ് ജിതേന്ദ്രക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

എൻ.സി.പി നേതാവിന്റെ പ്രസ്താവനകൾ രാമ ഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്നതാണെന്നും രാമക്ഷേത്രം ഉണ്ടാക്കിയതിലെ ഘമാണ്ഡിയ സഖ്യത്തിന്റെ യോജിപ്പില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രസ്താവനക്ക് കാരണമെന്നും രാം കദം കൂട്ടിച്ചേർത്തു.

സനാതന ധർമ്മത്തെ വിമർശിച്ച ഉദയ നിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യ സഖ്യത്തെ ഘമാണ്ഡിയ സഖ്യം എന്ന് വിളിച്ചിരുന്നു.

കഴിഞ്ഞദിവസം ബി.ജെ.പി എം.എൽ.എ രാം കദം മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്നാഥ് ഷിണ്ഡെയോട് ജനുവരി 22ന് മാംസം കഴിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ജിതേന്ദ്രയുടെ പരാമർശത്തിലേക്ക് നയിച്ചത്.

നിലവിൽ യു.പിയിൽ പ്രതിഷ്ഠാ ദിനത്തിൽ മദ്യത്തിനും മാംസത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: NCP MLA Jitendra Awhad says ‘Ram’ ate meat in jungle for 14 years; Ram Temple chief priest refutes remark