ചൈന വീണ്ടും കൊവിഡ് ഭീഷണിയില്‍; തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ ഇരട്ടിയായി കൊവിഡ് നിരക്ക്
international
ചൈന വീണ്ടും കൊവിഡ് ഭീഷണിയില്‍; തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ ഇരട്ടിയായി കൊവിഡ് നിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 5:16 pm

ബീജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി.

സെപ്റ്റംബര്‍ 12ന് 22 പേര്‍ രോഗബാധിതരായ അവസ്ഥയില്‍ നിന്നാണ് സെപ്റ്റംബര്‍ 13ന് 59 പേര്‍ എന്ന നിലയിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. എന്നാല്‍ രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യാത്രാനിയന്ത്രണമടക്കമുള്ള നടപടികളിലേക്കും ഇവിടെ ഉദ്യോഗസ്ഥര്‍ കടന്നിട്ടുണ്ട്. ചൈനയുടെ ദേശീയ ദിനം പ്രമാണിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഒക്ടോബര്‍ 1ന് ആരംഭിക്കാനിരിക്കേയാണ് വീണ്ടും ഇവിടെ വൈറസ് വ്യാപനം സംഭവിച്ചിരിക്കുന്നത്.

മുന്‍പ് ഫ്യുജിയാനില്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ പ്രാദേശികമായി വൈറസ് പടര്‍ന്ന് പിടിച്ചിരുന്നു. അന്ന് ടൂറിസം, യാത്ര വിഭാഗങ്ങള്‍ പ്രതിസന്ധി നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പ്രദേശത്ത് ഡെല്‍റ്റ വകഭേദം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഫ്യുജിയാനിലെ വ്യാപനം ആരംഭിച്ചത് പുതിയാന്‍ പട്ടണത്തില്‍ നിന്നായിരുന്നു. സെപ്റ്റംബര്‍ 10നായിരുന്നു പുതിയാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

സെപ്റ്റംബര്‍ 10നും 12നുമിടയില്‍ 43 പേര്‍ക്കാണ് ഫ്യുജിയാനില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 35ഉം പുതിയാനിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നാണ് 2019ല്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ലോകത്താകമാനം പടര്‍ന്ന ഈ വൈറസ് ഇതിനോടകം 22 കോടിയിലധികം പേര്‍ക്ക് ബാധിക്കുകയും 46 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid delta variant is spreading in the Fujian province of China