ചെന്നൈ: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനെ തുടര്‍ന്ന കനത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.
തിയേറ്ററുകളില്‍ പകുതി ആളുകളെ മാത്രമേ ഇനി പ്രവേശിപ്പിക്കാവുയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മാളുകളിലെ തിയേറ്ററുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. കൂടെ ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്.
വിവാഹങ്ങളില്‍ പങ്കെടുപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പത് ആയും പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ടാക്‌സികളില്‍ ഡ്രൈവറെ കൂടാതെ മൂന്ന് പേരെ മാത്രവും ഓട്ടോറിക്ഷകളില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്കുമാത്രമാണ് അനുവാദം. കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല് എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനായിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച നിരീക്ഷണം തുടരും. രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകളും നടത്തും. ഇതിനൊപ്പം പി.സി.ആര്‍ പരിശോധനയും വ്യാപകമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരടക്കമുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക