വീണ്ടും വെട്ടിലായി സുരേന്ദ്രന്‍; സി.കെ. ജാനു സംഭവത്തിലും ബി.ജെ.പി അധ്യക്ഷനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
Kerala News
വീണ്ടും വെട്ടിലായി സുരേന്ദ്രന്‍; സി.കെ. ജാനു സംഭവത്തിലും ബി.ജെ.പി അധ്യക്ഷനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th June 2021, 2:29 pm

കല്‍പറ്റ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. സി.കെ. ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ സെഷന്‍സ് കോടതി് ഉത്തരവിട്ടിരിക്കുന്നത്.

ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. നവാസ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്.

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പണം നല്‍കാന്‍ ഹോട്ടലില്‍ എത്തുന്നതിന് മുമ്പ് സുരേന്ദ്രനും പ്രസീതയും തമ്മില്‍ സംസാരിച്ചെന്ന് കരുതുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

താന്‍ കാശ് നല്‍കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്. പ്രസീതയുടെ ആരോപണങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കൊടകര കുഴല്‍പ്പണ കേസും ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ടും സുരേന്ദ്രന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ കോടതി വിധി കൂടി വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Court permits to charge case against K. Surendran in C K Janu bribery case