ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പുറത്തിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണ ചടങ്ങ് നല്‍കിയ നടപടിയെ അപലപിച്ച് കേസില്‍ വിധി പറഞ്ഞ ജഡ്ജി യു.ഡി. സല്‍വി. കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച നടപടി ശരിയല്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതികളായ പതിനൊന്നുപേരെയും ശിക്ഷിക്കാന്‍ ഉത്തരവിട്ട ട്രയല്‍ കോടതി ജഡ്ജിയായിരുന്നു യു.ഡി സല്‍വി.
‘പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയ നടപടി ശരിയല്ല. അവര്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. അതിനെ സുപ്രീം കോടതി പോലും ശരിവെച്ചതുമാണ്. അതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ പ്രതികളാണെന്നാണ്.
എന്നിട്ട് കുറ്റവാളികളെ പൂമാലയണിയിച്ച് സ്വാഗതം ചെയ്യുക എന്നതൊക്കെ തെറ്റാണ്,’ ജഡ്ജി പറഞ്ഞു.
ബില്‍ക്കീസ് ബാനു കേസില്‍ യു.ഡി. സല്‍വിയായിരുന്നു ട്രയല്‍ കോടതി ജഡ്ജി. കേസില്‍ തെളിവുകളും മൊഴികളും സൂക്ഷ്മപരിശോധന നടത്തി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് സല്‍വിയായിരുന്നു. ഇവരുടെ വിധി പിന്നീട് ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വിധി ഇരു കോടതികളും ശരിവെക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ക്ക് വധശിക്ഷ നല്‍കിയില്ലെന്നത് സംബന്ധിച്ച് വിധിയുടെ അവസാന പാരഗ്രാഫില്‍ കുറിച്ചിട്ടുണ്ടെന്നും ജഡ്ജി പറയുന്നു.
‘പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പക്ഷേ എന്തുകൊണ്ട് വധശിക്ഷ നല്‍കിയില്ല എന്നത് സംബന്ധിച്ച് എന്റെ വിധിയുടെ അവസാന പാരഗ്രാഫില്‍ എഴുതിയിട്ടുണ്ട്. ട്രയല്‍ കോടതിയുടെ വിധിയില്‍ നിന്നും കൂടുതലൊന്നും വേണ്ടെന്ന് അന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു.
ബില്‍ക്കീസ് ബാനു ധൈര്യമായി തന്നെയാണ് കേസിലുടനീളം നിന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ബാനു തന്നെ ബലാത്സംഗം ചെയ്തവരെ തിരിച്ചറിഞ്ഞു. അവരുടെ പേരും ബാനു പറഞ്ഞിരുന്നു. പ്രതികളെ ബാനുവിന് നേരത്തെ പരിചയമുണ്ടായിരുന്നു. അവര്‍ ഒരേ ഗ്രാമത്തില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.
കേസില്‍ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാം. അങ്ങനെ വന്നാല്‍ വിധി ജുഡീഷ്യല്‍ റിവ്യൂ നടത്താനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്,’ ജഡ്ജി കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 15നായിരുന്നു പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.
Content Highlight: Court judge condemned the welcome given to bilkis bano case culprits