Film News
മമ്മൂക്കയെ സ്റ്റൈല്‍ ചെയ്യാന്‍ ഇഷ്ടമാണ്, മെറ്റീരിയല്‍ വെച്ച് ഇക്കയെ തൃപ്തിപ്പെടുത്തുന്നത് വെല്ലുവിളിയായിരുന്നു; കോസ്റ്റിയൂമര്‍ മെല്‍വി ജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 22, 01:08 pm
Monday, 22nd August 2022, 6:38 pm

എണ്‍പതുകള്‍ മുതല്‍ ഇന്നുവരെയും ഏറ്റവും സ്റ്റൈലിഷ് സൂപ്പര്‍ സ്റ്റാറെന്നാണ് പൃഥ്വിരാജ് മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കാഷ്വലായാലും പാര്‍ട്ടിവെയറിലായാലും പൊതുവേദിയിലായാലും ഒരേപോലെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് മമ്മൂട്ടിയുടെ ഡ്രെസിങ് സ്റ്റൈല്‍. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

മമ്മൂട്ടിയെ സ്‌റ്റൈല്‍ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറയുകയാണ് കോസ്റ്റിയൂമര്‍ മെല്‍വി ജയ്. ഒപ്പം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അദ്ദേഹത്തിന് കോസ്റ്റിയൂം ചെയ്തപ്പോഴുണ്ടായ വെല്ലുവിളികളും മെല്‍വി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘മമ്മൂക്കയെ സ്റ്റൈല്‍ ചെയ്യാന്‍ ഇഷ്ടമാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന മൂവിയില്‍ വര്‍ക്ക് ചെയ്തിരുന്നു. മെറ്റീരിയല്‍ വെച്ച് ഇക്കയെ തൃപ്തിപ്പെടുത്തണം, ഏജിനെ മാനിക്കണം, സ്‌കിന്നിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നോക്കണം, പഴയത് മേടിച്ച് കൊടുക്കാന്‍ പറ്റില്ല, ഇതൊക്കെ ചലഞ്ചിങ്ങായിരുന്നു. ലിജോ ചേട്ടനും റിയലിസം ഭയങ്കരമായി വേണ്ട ആളാണ്.

മമ്മൂക്കക്ക് പേഴ്‌സണല്‍ കംഫര്‍ട്ട് സോണുള്ള ക്ലോത്തിങ് സ്‌റ്റൈലുണ്ട്. കൂടാതെ ഒരു പേഴ്‌സണല്‍ കോസ്റ്റിയൂമറുമുണ്ടായിരുന്നു. അദ്ദേഹത്തോടും റഫറന്‍സ് ചോദിക്കണം. രണ്ട് ലുക്കാണ് മമ്മൂക്കക്ക് സിനിമയിലുള്ളത്. അതില്‍ ഒരു ലുക്ക് ഞാനാണ് ഡിസൈന്‍ ചെയ്തത്.

അത് ചെയ്യുന്ന സമയത്ത് സജഷന്‍സ് തന്നിരുന്നു. ഇന്ന ബ്രാന്‍ഡില്‍ നിന്ന് എടുത്താല്‍ മതി, ഇന്ന ക്ലോത്ത് മതി, മുണ്ട് അങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ ഡ്രസെല്ലാം ഡള്ള് ചെയ്യണം. എല്ലാ ദിവസവും എടുത്ത് അലക്കിയലക്കിയാണ് വേണ്ട രൂപത്തിലേക്ക് ആക്കി എടുക്കുന്നത്. അലക്കും, വെയിലത്തിടും പിന്നെയും അലക്കും, അങ്ങനെ അഞ്ചെട്ട് പ്രാവിശ്യം ചെയ്യും.

അതിന് ശേഷം ചെറിയ ഡീറ്റെയിലിങ്ങ് ചെയ്യും. ബട്ടണ്‍ ചെറുതായി ഉരച്ച് വെക്കുക, പതുക്കെ നൂല് പൊക്കിവെക്കുക, ചിലയിടത്ത് സ്റ്റിച്ച് വിടീക്കുക, അങ്ങനെയുള്ള ചെറിയ ഡീറ്റെയിലിങ് ചെയ്യും,’ മെല്‍വി ജയ് പറഞ്ഞു.

Content Highlight: Costumer Melvi Jai says he loves styling Mammootty