ആദിവാസികള്‍ക്ക് ഉപകാരപ്പെടാത്ത കോടികളുടെ ഭവന പദ്ധതികള്‍; കരാറുകാര്‍ നടത്തുന്നത് വന്‍ അഴിമതി
ജംഷീന മുല്ലപ്പാട്ട്

ആദിവാസികളുടെ വീട് നിര്‍മാണത്തിനായി വിവിധ ഭവന നിര്‍മാണ പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വയനാട് ആദിവാസി മേഖലകളില്‍ ഇങ്ങനെ ഭവന പദ്ധതി പ്രകാരം നാലും അഞ്ചും ലക്ഷം രൂപയ്ക്ക് പണിത വീടുകള്‍ ആറു മാസം കഴിയുമ്പോള്‍ ചോര്‍ന്നൊലിക്കുകയോ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തകരുകയോ ആണ് ചെയ്യുന്നത്.

വയനാട്ടിലെ ആദിവാസി മേഖലകളില്‍ വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം ഇവരുടെ കയ്യില്‍ കൊടുക്കില്ല. കരാറുകാര്‍ മുഖേനയാണ് പണം കൊടുക്കുന്നത്. കരാരുകാരാകട്ടെ പുറമേനിന്നും നോക്കിയാല്‍ പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ ഇല്ലാത്ത വീടുകള്‍ രണ്ടോ മൂന്നോ ലക്ഷത്തിനു നിര്‍മിച്ചു നല്‍കും. ബാക്കിയുള്ളത് കരാറുകാരുടെ ലാഭമാണ്. ഇങ്ങനെ നിര്‍മിക്കുന്ന വീടുകളാണ് പെട്ടെന്ന് തകര്‍ന്നു വീഴുന്നതും.

വയനാട് പയ്യമ്പള്ളി ഇരുപതാം കോളനിയില്‍ താമസിക്കുന്ന കറുപ്പന്റെ വീട് 2017ല്‍ ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ചതാണ്. അഞ്ചു ലക്ഷത്തിനാണ് വീട് നിര്‍മിച്ചതെന്ന് കരാറുകാര്‍ പറയുന്നു. അതേവര്‍ഷത്തെ മഴക്ക് തന്നെ വീട് ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. മെമ്പര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുത്തു.

വീടിന്റെ മുകളില്‍ ഒരു ഷീറ്റ് ഇട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. വിലകുറഞ്ഞ മരങ്ങള്‍ ഉപയോഗിച്ച് വാതിലും ജനലും പണിതതിനാല്‍ അതെല്ലാം പൊട്ടി പൊളിഞ്ഞിട്ടുണ്ട്. ചുമര്‍ തകര്‍ന്ന് ഏതുനേരവും ഇടിഞ്ഞു വീഴാറായ നിലയിലാണ്. അടുക്കളയുടെ പണി തീര്‍ത്തിട്ടില്ല. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ ഇനിയും പണം കൊടുക്കണമെന്നാണ് കരാറുകാര്‍ പറയുന്നത്. വൈദ്യുതി, കുടിവെള്ളം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ കുടുംബത്തിനു നല്‍കിയിട്ടില്ല.

ചൂണ്ടക്കൊല്ലി കോളനികളിലെ വീടുകള്‍ 2010ല്‍ ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ചതാണ്. അന്ന് മൂന്നു ലക്ഷം രൂപയ്ക്ക് പണിത വീടുകള്‍ ഇന്ന് ഏകദേശം തകര്‍ന്നു. കരാറുകാര്‍ അഴിമതി നടത്തിയത് കൊണ്ടാണ് വീടുകള്‍ തകര്‍ന്നതെന്ന് കോളനിയില്‍ താമസിക്കുന്നവര്‍ പറയുന്നു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം