ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനര്‍നിര്‍ണയത്തിന് ശേഷം മന്ത്രിസഭയില്‍ നിന്ന് പുറത്തായ മുന്‍ മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാലും പുതുതായി ചുമതലയേറ്റ സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.
രമേശ് പൊക്രിയാല്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതി ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. ചട്ടപ്രകാരം ടൈപ്പ് 8 വിഭാഗത്തില്‍പ്പെട്ട ഇത്തരം വലിയ ബംഗ്ലാവുകള്‍ മന്ത്രിമാര്‍,ജ്യുഡീഷ്യല്‍ അധികാരികള്‍,രാജ്യസഭ എം.പിമാര്‍ എന്നിവര്‍ക്ക് മാത്രമാണ് അനുവദിക്കാറുള്ളത്.
മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ ഒരു മാസശേഷം വസതി ഒഴിഞ്ഞുനല്‍കണമെന്നാണ് ചട്ടം. എന്നാല്‍ മന്ത്രി സ്ഥാനം പോയെങ്കിലും ഔദ്യോഗികവസതി ഒഴിയാന്‍ രമേശ് പൊക്രിയാല്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
മുമ്പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ജോതിരാദിത്യ സിന്ധ്യയും അതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവും വര്‍ഷങ്ങളോളം താമസിച്ചത് ദല്‍ഹി ലുത്യന്‍സിലെ സഫ്ദര്‍ജങ് റോഡിലെ ഈ വസതിയിലായിരുന്നു.
സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ മരണമടഞ്ഞതും ഇവിടെ നിന്നായിരുന്നു. ഇതാണ് ഈ വസതി തന്നെ വേണമെന്ന് ജോതിരാദിത്യ സിന്ധ്യ നിര്‍ബന്ധം പിടിക്കാന്‍ കാരണം.
ഇതിനെ തുടര്‍ന്ന് പൊക്രിയാലിന് മറ്റു വസതികള്‍ നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. നിലവിലുള്ള വസതി നിലനിര്‍ത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
2019 വരെ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈവശമായിരുന്നു ഈ ബംഗ്ലാവ്. എന്നാല്‍ 2019 തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഗൂന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് വസതി വിട്ടുനല്‍കേണ്ടി വന്നു.
ബി.ജെ.പിയില്‍ ചേര്‍ന്ന് രാജ്യസഭ എം.പിയായത്തിന് ശേഷം 3 ബംഗ്ലാവുകളില്‍ ഒന്ന് അദ്ദേഹത്തിന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ആനന്ദ് ലോകിലെ തന്റെ സ്വന്തം വസതിയില്‍ താമസിക്കുകയായിരുന്നു സിന്ധ്യ ചെയ്തത്.
പിന്നീട് മന്ത്രിയായതോടെ സഫ്ദര്‍ജങ് റോഡിലെ ബംഗ്ലാവ് സിന്ധ്യ ആവശ്യപ്പെടുകയായിരുന്നു. 1980ല്‍ സിന്ധ്യയുടെ പിതാവ് മാധവ്റാവു സിന്ധ്യ രാജിവ് ഗാന്ധി മന്ത്രിസഭയിലുണ്ടായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതി ആയിരുന്നതിനാലാണ് സിന്ധ്യ ഈ ബംഗ്ലാവിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്.
അതേസമയം പുതുതായി നിയമിതനായ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ല. ആര്‍.ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബി.എസ്. യെദിയൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയില്‍ തുടരാന്‍ താല്‍പ്പര്യപ്പെട്ടതുകൊണ്ടാണ് ബസവരാജ സ്വന്തം വീട്ടില്‍ താമസിക്കുന്നത്.