അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍. 1998ലെ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ഒരു അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഭട്ടിനു പുറമേ രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറുപേരെക്കൂടി ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്യുകയാണ്.
1998ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്തായിരുന്നു ഇത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നത്. വ്യാജ നാര്‍ക്കോട്ടിക്‌സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.