Hridayam Review | ഹൃദയത്തിനകത്ത് | ANNA'S VIEW
അന്ന കീർത്തി ജോർജ്

15 പാട്ടുകളുള്ള ഒരു മൂന്ന് മണിക്കൂര്‍ സിനിമ എങ്ങനെയിരിക്കുമെന്നൊരു തോന്നല്‍ ഹൃദയം കാണാന്‍ പോകുന്ന സമയത്ത് തീര്‍ച്ചയായും മനസിലുണ്ടായിരുന്നു. ഒരു കഥാപ്രസംഗം പോലെ രണ്ട് ഡയലോഗ് ഒരു പാട്ട് എന്ന നിലയിലെങ്ങാനും ആയിപ്പോകുമോ ചിത്രമെന്നൊരു ചെറിയ ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ പടം കാണുന്ന സമയത്ത്, ദൈര്‍ഘ്യം ഒരല്‍പം കൂടുതലാണെങ്കിലും, ഒരിക്കല്‍ പോലും ‘ഇത്രയും പാട്ടുകളോ’ എന്ന് തോന്നിയേയില്ല.

ഹിഷാം അബ്ദുല്‍ വഹാബിന്റെ സംഗീതത്തെ സിനിമയോട് ഇഴുകിച്ചേര്‍ന്ന നിലയില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. ‘ദാ പാട്ട് വന്നു’ എന്ന രീതിയേ അല്ല ഈ സിനിമയിലുള്ളത്. അതേസമയം ആസ്വാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇതേ പാട്ടുകളും പശ്ചാത്തല സംഗീതവും തന്നെയാണ്. ഹൃദയത്തിന്റെ അവിഭാജ്യ ഘടകമാണ് സംഗീതം. വിനീത് ശ്രീനിവാസന്റെ ചിത്രമായ ഹൃദയത്തെ വേണമെങ്കില്‍ ഹിഷാമിന്റെ ഒരു മ്യൂസിക്കലെന്നും വിളിക്കാവുന്നതാണ്.

കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയം. ഈ കാലത്തെ അയാളുടെ സൗഹൃദങ്ങളും പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും മരണവും അസൂയയും അബദ്ധങ്ങളും വാശിയും ജോലിയുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്. പ്രണയമടക്കം ഈ ഓരോ ഘടകങ്ങളെയും പുതുമായാര്‍ന്ന ഭംഗിയില്‍ അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വം നിറഞ്ഞ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് നിലവാരത്തില്‍ ഒരല്‍പം പുറകോട്ട് പോകുകയാണ്.

പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനക്കാലവും അവിടെ തുടങ്ങുന്ന പ്രണയവും അതിലുണ്ടാകുന്ന കുറിച്ച് സങ്കീര്‍ണതകളും സൗഹൃദങ്ങളും കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്.

ചിത്രത്തില്‍ ഏറ്റവും ഭംഗിയായും റിയലിസ്റ്റാക്കായും കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അരുണും ദര്‍ശനയും തമ്മിലുള്ള പ്രണയവും അവര്‍ക്ക് പരസ്പരം തോന്നുന്ന അട്രാക്ഷന്‍രെ ആഴവും അതിന് ഓരോ സമയത്തും വരുന്ന മാറ്റങ്ങളും മാറ്റമില്ലായ്മയുമാണ്. പലതരം കയറ്റിറക്കങ്ങളിലൂടെയും വൈകാരിക തലങ്ങളിലൂടെയും അപ്രതീക്ഷിത നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ആ ബന്ധത്തെ മനോഹരമായി ഹൃദയം അവതരിപ്പിക്കുന്നുണ്ട്.

ചില ഇഷ്ടങ്ങളും ഇഷ്ടപ്പെട്ട മനുഷ്യരും അവരുമായുള്ള ബന്ധവും പങ്കുവെക്കുന്നു സ്‌പേസുമൊക്കെ മാറിയാലും പ്രിയപ്പെട്ടതായി തുടരുന്നത് എങ്ങനെയെന്ന് ചിത്രം പറയുന്നുണ്ട്. അരുണും കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രമായ നിത്യയും തമ്മിലുള്ള ബന്ധം അത്രമേല്‍ ആഴത്തില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആരോടെങ്കിലുമുള്ള ദേഷ്യവും നഷ്ടബോധവുമൊക്കെ മറ്റുള്ളവരോട് തീര്‍ക്കുന്നതും, ഒരാളുമായി പ്രണയത്തിലായിരിക്കെ മറ്റൊരാളോട് തോന്നുന്ന ഇഷ്ടവും സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളും തിരിച്ചറിവുണ്ടാകുന്ന നിമിഷങ്ങളുമെല്ലാം സിനിമയില്‍ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇതിനോടെല്ലാം ഒരു കണക്ഷന്‍ തോന്നുകയും ചെയ്യും.

ചിത്രത്തിന്റെ അടുത്ത പ്ലസ് പോയിന്റ്, കോസ്റ്റിയൂംസും ആര്‍ട്ടും ഇന്റിരീയര്‍ വര്‍ക്കുകളുമാണ്. ഹൃദയത്തിന്റെ ഫീല്‍ ഗുഡ് മൂഡിനെ ഉയര്‍ത്തും വിധമാണ് ഇവ ഉപയോഗിച്ചിരിക്കുന്നത്. ഈ രീതിയില്‍ നോക്കുമ്പോള്‍ കണ്ടിരിക്കാന്‍ നല്ല ഭംഗിയുള്ള ചിത്രം കൂടിയായിരുന്നു ഹൃദയമെന്ന് പറയാം. പുരുഷ കഥാപാത്രങ്ങളെകൊണ്ട് തന്നെ സ്റ്റോക്കിങ്ങിനെയും വിവാഹമടക്കമുള്ള ബന്ധങ്ങളില്‍ പുരുഷന്‍ കാണിക്കുന്ന അധികാര സ്വഭാവത്തെും സുപ്പീരിയോരിറ്റി കോംപ്ലക്‌സിനെയും കുറിച്ച് പറയിപ്പിച്ചതും ആകര്‍ഷകമായ ഘടകങ്ങളായിരുന്നു.

മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠനെ പ്രണവ് മികച്ചതാക്കിയിട്ടുണ്ട്. അയാള്‍ കടന്നുപോകുന്ന വ്യത്യസ്തമായ വികാരങ്ങളെയും ജീവിതമുഹൂര്‍ത്തങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രണവിന് കഴിയുന്നുണ്ട്.

ചിത്രം ഒരു ഘട്ടത്തില്‍ ഗൗരവതരമായ വേഗതകളിലേക്കും സങ്കീര്‍ണതകളിലേക്കും നീങ്ങുമ്പോള്‍ പ്രണവ് പൂര്‍ണമായും കഥാപാത്രമായി മാറിക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചില ഡയലോഗ് ഡെലിവറികള്‍ മാത്രമാണ് അല്‍പം പാളിപ്പോയത്. അതിഗംഭീരമായ പ്രകടനം എന്ന് വിളിക്കാനാകില്ലെങ്കിലും പ്രതീക്ഷ വെക്കാവുന്ന നടന്‍ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുന്നുണ്ട്.

വലിയ ക്യാരക്ടര്‍ ഗ്രോത്തോ മാറ്റങ്ങളോ വരുന്നില്ലെങ്കിലും വളരെ സന്തോഷവതിയും ഉള്ളുതുറന്ന് ഇഷ്ടപ്പെടുന്നവളുമായ നിത്യയെ കല്യാണി നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തില്‍ പ്രകടനം കൊണ്ട്, കഥാപാത്രത്തെ ഒരു പടി മുകളിലേക്ക് ഉയര്‍ത്തുന്നത് ദര്‍ശന രാജേന്ദ്രനാണ്. വളരെ ആര്‍ട്ടിഫിഷ്യലും ക്രിഞ്ചുമായി പോകാമായിരുന്ന സാഹചര്യങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുംവിധം അവതരിപ്പിക്കാന്‍ ദര്‍ശനക്കാകുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും ആഴമുള്ള കഥാപാത്രസൃഷ്ടിയും ദര്‍ശനയുടേത് തന്നെയാണ്. ഓരോ കഥാപാത്രത്തെയും ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുന്ന അഭിനേതാക്കളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും ദര്‍ശനയുടെ സ്ഥാനമെന്ന് ഈ ചിത്രം ഒരിക്കല്‍ കൂടി അടിവരയിടുകയാണ്. ആന്റണി താടിക്കാരന്‍, സെല്‍വ എന്നിവരായെത്തിയവരുടെ പ്രകടനങ്ങളും മികച്ച് നില്‍ക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ആസ്വാദനത്തിന് കല്ലുകടിയാകുന്ന ചില ഘടകങ്ങളും സിനിമയിലുണ്ട്. പല കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞതായിരുന്നു. Secret Alley പോലെ കഥാപാത്രങ്ങള്‍ക്ക് വൈകാരികമായി വളരെ അടുപ്പുമുണ്ടെന്ന് പറഞ്ഞു കാണിക്കാന്‍ ശ്രമിക്കുന്ന സ്‌പേസുകളെയൊന്നും ആ ത്ീവ്രതയില്‍ പ്രേക്ഷകരിലെത്തിക്കാനാകുന്നില്ല.

മിക്ക സീനുകളിലും വിവിധ അഭിനേതാക്കളുടെ പ്രകടനവും സംഭാഷണവും മേക്ക് ചെയ്ത രീതിയും ഏച്ചൂകൂട്ടിയതുപോലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. മുന്‍ചിത്രങ്ങളുടെ തിരക്കഥയിലെ കെട്ടുറപ്പോ സംവിധാനത്തിലെ മികവോ ഹൃദയത്തില്‍ കൊണ്ടുവരാന്‍ വിനീതിന് കഴിഞ്ഞിട്ടില്ല.

പല കോമഡികളും വേണ്ടത്ര ഏല്‍ക്കുന്നുണ്ടായിരുന്നില്ല. റൊമാന്റിക് രംഗങ്ങളിലല്ലെങ്കിലും ക്രിഞ്ചടിച്ച നിരവധി സീനുകള്‍ സിനിമയിലുണ്ടായിരുന്നു. ചിത്രം തുടങ്ങി കുറച്ച് സമയം കഴിയുമ്പോള്‍, സീരിയസ് മോഡിലേക്ക് പോകുന്ന ഭാഗങ്ങളും, സെല്‍വയുടെ സ്‌റ്റോറി ലൈനും സിനിമയെ കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങാക്കുമെന്ന് വിചാരിക്കുമ്പോഴേക്കും സിനിമയുടെ പേസ് വീണ്ടും നഷ്ടപ്പെട്ടു പോകുന്നുമുണ്ട്.

അമ്മായിമ്മമാര്‍ തമ്മിലുള്ള ഭാഗവും ‘വീട്ടില്‍ പെണ്ണുണ്ടായാലേ നടക്കൂ’ എന്ന പ്രയോഗങ്ങളും വളരെ പഴഞ്ചനായിരുന്നു. ഇത്തരം സിനിമകളില്‍ നായകന്റെ അടുത്ത കൂട്ടുകാരന്‍ ഒരു കോമഡി കഥാപാത്രമായിരിക്കണമെന്ന അതേ വാര്‍പ്പുമാതൃക വിനീതും ഇവിടെ പിന്തുടരുന്നുണ്ട്. അധികം സീനുകളൊന്നുമില്ലെങ്കില്‍ പോലും തടിച്ചവരെയും ഉയരക്കുറവുള്ളവരെയുമൊക്കെ പ്ലേസ് ചെയ്തിരിക്കുന്ന രീതിയും സിനിമ കണ്ടുപഴകിയ ട്രാക്കില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്ന തോന്നലുണ്ടാക്കിയിരുന്നു.

സിനിമയില്‍ ദര്‍ശന പല തവണ താന്‍ അന്ന് ക്ഷമിച്ചിരുന്നെങ്കിലെന്ന് ആവര്‍ത്തിച്ച് പറയുന്നതും അതിനോടുള്ള അരുണിന്റെ പ്രതികരണങ്ങളും അത്ര കണ്‍വിന്‍സിങ്ങായി തോന്നിയില്ല. ഇവര്‍ തമ്മിലുള്ള മറ്റിടങ്ങളയെല്ലാം കൈകാര്യം ചെയ്ത കയ്യടക്കവും മനസിലാക്കലും ഈ നിര്‍ണായക സാഹചര്യത്തിലില്ലായിരുന്നുവെന്ന് തോന്നി.

ശരാശരിക്ക് തൊട്ടുമുകളില്‍ മാത്രം നില്‍ക്കുന്ന അനുഭവം നല്‍കിയ സിനിമയാണ് ഹൃദയം. റൊമാന്റിക് ഫീല്‍ ഗുഡ്/ കമിങ്ങ് ഓഫ് ഏജ് ഡ്രാമ താല്‍പര്യമുള്ളവര്‍ക്ക് ഈ സിനിമ കൂടുതല്‍ ഇഷ്ടപ്പെട്ടേക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hridayam Movie Review | Vineeth Sreenivasan, Pranav Mohanlal, Darshana Rajendran, Kalyani Priyadharshan, Hesham Abdul Wahab

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.