അടുത്ത കാലത്തിറങ്ങിയതില്‍ നല്ല സിനിമകളാണ് വിജയിച്ചിട്ടുള്ളതെന്ന് സംവിധായകന്‍ ജിയോ ബേബി. ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ലെന്നും മോശമായ സംഗതി ഓടേണ്ട കാര്യമില്ലെന്നും ജിയോ ബേബി പറഞ്ഞു.
ടെലഗ്രാമിലൂടെ സിനിമ കാണുന്നതില്‍ വലിയ പ്രശ്‌നമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എഫ്.എഫ്.കെയുടെ മീറ്റ് ദി ഡയറക്ടേഴ്‌സ് സെഷനിലാണ് ജിയോ ബേബിയുടെ പ്രതികരണം.
‘അടുത്ത കാലത്തിറങ്ങിയ തിയേറ്റര്‍ റെസ്‌പോണ്‍സ് എടുത്ത് നോക്കിയാല്‍ അറിയാം. നല്ല സിനിമകളാണ് ഒടിയിട്ടുള്ളത്. ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മോശം പടങ്ങളെ മോശമായിട്ട് തന്നെയാണ് പറയുന്നത്. അതങ്ങനെ തന്നെ വേണം മോശമായ സംഗതി ഓടേണ്ട കാര്യമില്ല.
ജാന്‍ എ മനാണെങ്കിലും സൂപ്പര്‍ ശരണ്യയാണെങ്കിലും കണ്ടന്റുള്ളത് കൊണ്ട് ഓടിയ സിനിമകളാണ്. അത് നല്ല കാര്യമാണ്. ഒ.ടി.ടിയാണെങ്കിലും തിയേറ്ററാണെങ്കിലും നല്ല സിനിമകള്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്,’ ജിയോ ബേബി പറഞ്ഞു.
‘ട്രെയ്‌നിലും ബസിലും പോകുമ്പോള്‍ ഫോണില്‍ സിനിമ കാണുന്നവരുണ്ട്. ഒ.ടി.ടിയില്‍ വരുന്ന പടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ട്. ചിലപ്പോള്‍ ടെലഗ്രാം ലിങ്കൊക്കെയാവും കാണുന്നത്. അതൊരു വലിയ പ്രശ്‌നമായി തോന്നുന്നില്ല.
സാമൂഹ്യജീവിതത്തില്‍ ഒരുപാട് ഏരിയകളില്‍ നമ്മള്‍ കള്ളത്തരം കാണിക്കുന്നുണ്ട്. ഇങ്ങനെ സിനിമ കാണുന്നതില്‍ എനിക്ക് വലിയ പ്രശ്‌നം തോന്നുന്നില്ല. അതുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകള്‍ മനുഷ്യരിലേക്ക് എത്തുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Geo Baby says that good movies have been successful in recent releases