'ഞങ്ങളുടെ സ്ഥലത്ത് നിർമ്മാണം നടത്തുന്നത് സ്വാഭാവികം, അരുണാചൽ ഒരിക്കലും അം​ഗീകരിച്ചിട്ടില്ല'; ​അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ചത് ന്യായീകരിച്ച് ചൈന
World News
'ഞങ്ങളുടെ സ്ഥലത്ത് നിർമ്മാണം നടത്തുന്നത് സ്വാഭാവികം, അരുണാചൽ ഒരിക്കലും അം​ഗീകരിച്ചിട്ടില്ല'; ​അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ചത് ന്യായീകരിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 7:43 pm

ബെയ്ജിങ്ങ്: അരുണാചൽ പ്രദേശിൽ പുതിയ ​ഗ്രാമം നിർമ്മിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ചൈന. ചൈനയുടെ വികസന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് സ്വന്തം പ്രദേശത്തിന് അകത്താണെന്നും അത് ആർക്കും എതിർക്കാൻ കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

”സാൻ​ഗാൻ (ദക്ഷിണ ടിബറ്റ്) മേഖലയിലുള്ള ചൈനയുടെ നിലപാട് കൃത്യമാണ്. ഞങ്ങൾ ഒരിക്കലും അരുണാചൽ പ്രദേശ് എന്ന് വിളിക്കുന്ന സ്ഥലത്തെ അം​ഗീകരിച്ചിട്ടില്ല,” ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുനിയിങ്ങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റ് മേഖലയുടെ ഭാ​ഗമാണ് എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യ അരുണാചൽ രാജ്യത്തിന്റെ നിർണായക ഭാ​ഗങ്ങളിൽ ഒന്നാണ് എന്ന് നിരവധി തവണ വ്യക്തമാക്കിയതാണ്.

തങ്ങളുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിർമ്മാണ പ്രവൃത്തികളിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്തുവിട്ടത്. 101 വീടുകളോളം ചൈന അരുണാചലിൽ ഉണ്ടാക്കിയെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ.‍ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട് എന്നാണ് സാറ്റ്ലൈറ്റ് ഇമേജ് വ്യക്തമാക്കുന്നത്.

സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ​​ഗ്രാമം സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മിൽ ഏറെക്കാലമായി തർക്കത്തിലായിരുന്നു ഈ ഭൂമിയുടെ വിഷയത്തിൽ. ഹിമാലയത്തിന്റെ കിഴക്കൻ നിരയിലാണ് ​ഗ്രാമം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ​ഗാൾവാനിലുണ്ടായ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു
2020 നവംബർ ഒന്നിനെടുത്ത ചിത്രമാണ് ഇപ്പോൾ എൻ.ഡി.ടി.വി പുറത്തുവിട്ടിരിക്കുന്നത്. ഇതേസ്ഥലത്ത് 2019 ആ​ഗ​സ്തിൽ എടുത്ത ചിത്രത്തിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷമാണ് നിർമ്മാണം നടത്തിയത് എന്നാണ് അനുമാനം.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് ചിത്രം അയച്ചുകൊടുത്തെങ്കിലും കൂടുതൽ പ്രതികരണം നൽകുകയോ ചിത്രം തെറ്റാണെന്ന് പറയുകയോ ചെയ്തില്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നു.

ചൈന അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
നവംബറിൽ ഈ ചിത്രമെടുത്തതിന് പിന്നാലെ അരുണാചലിൽ നിന്നുള്ള ബി.ജെ.പി എം.പി ചൈന കയ്യേറ്റം നടത്തുന്ന വിവരം ലോക്സഭയിൽ അറിയിച്ചിരുന്നു. ​ഗ്രാമ നിർമ്മിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആരാഞ്ഞെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Construction in ‘our own territory’ normal, says China on report of building village in Arunachal