national news
ശിവരാജ് സിങ് ചൗഹാന് 'ഓര്‍മ്മ' കിട്ടാന്‍ ച്യവനപ്രാശവും 'കാഴ്ച' കിട്ടാന്‍ ഐ ഡ്രോപ്‌സും അയച്ചുകൊടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 09, 02:26 am
Thursday, 9th May 2019, 7:56 am

ഭോപാല്‍: മധ്യപ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയില്ലെന്ന ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയ്‌ക്കെതിരെ വീണ്ടും പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ശിവരാജ് സിങ് ചൗഹാന്റെ ‘മറവി’ മാറ്റാനും ‘കേള്‍വിക്കുറവ്’ പരിഹരിക്കാനുമായി ച്യവനപ്രാശവും ഐ ഡ്രോപ്‌സും ബദാമുമൊക്കെ അയച്ച് കൊടുത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയെന്നത് കള്ളമാണെന്ന് പറഞ്ഞ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലേക്ക് വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെയും പേരുവിവരങ്ങള്‍ തുറന്ന ജീപ്പില്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് കോണ്‍ഗ്രസ് ആദ്യം പ്രതിഷേധിച്ചിരുന്നത്.