മലമ്പുഴ: ജനതാദളിന് നല്‍കിയ മലമ്പുഴ നിയോജക മണ്ഡലം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. ജനതാദളിന് സീറ്റ് വിട്ടുനല്‍കിയതിനെതിരെ പ്രാദേശിക തലത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.
മലമ്പുഴ സീറ്റ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെയോടെ മലമ്പുഴ പുതുശ്ശേരിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിരുന്നു.
മലമ്പുഴ സീറ്റില്‍ മത്സരിക്കാനില്ലെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ യു.ഡി.എഫിനെ അറിയിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ഘട്ടത്തിലും മലമ്പുഴ സീറ്റ് ചോദിച്ചിരുന്നില്ല. എലത്തൂര്‍ സീറ്റ് പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നു. കൂടെ മലമ്പുഴയും നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ എലത്തൂര്‍ നിഷേധിച്ച ശേഷം മലമ്പുഴ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചത് അംഗീകരിക്കുന്നില്ല.
മണ്ഡലത്തിന്റെ വിജയ, പരാജയ ഘടകങ്ങള്‍ പരിഗണിച്ചല്ല മനം മാറ്റം. യു.ഡി.എഫ് വിജയത്തിനു വേണ്ടി രംഗത്തിനിറങ്ങുമെന്നും ജോണ്‍ ജോണ്‍ പറഞ്ഞു.
അതേസമയം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ബി.ജെ.പി സഹായിക്കാനുള്ള നടപടിയാകുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതനാന്ദന്‍ 73,299 വോട്ടോടെയാണ് തുടര്‍ച്ചയായ നാലാം തവണയും മലമ്പുഴയില്‍ നിന്നും ജയിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ആദ്യമായി മലമ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സി. കൃഷ്ണകുമാര്‍ 46,157 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് യുവനേതാവ് വി.എസ് ജോയിക്ക് 35,333 വോട്ട് ലഭിച്ചിരുന്നു. വലിയ നാണക്കേടായിരുന്നു കോണ്‍ഗ്രസിന് ഈ പരാജയം സൃഷ്ടിച്ചിത്.
2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്ന കോണ്‍ഗ്രസ് നടപടി തന്നെയാണ് മലമ്പുഴയില്‍ ആവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
വി.എസ് അച്യുതാനന്ദന്‍ മത്സരിക്കാത്തതിനെ തുടര്‍ന്ന് സി.പി.ഐ.എം നേതാവായ എ. പ്രഭാകരനാണ് മലമ്പുഴയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. സി. കൃഷ്ണകുമാര്‍ തന്നെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്യുതാനന്ദന്‍ മത്സരിത്തിനില്ലാത്തത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക