ജയ്പൂര്‍: പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന ആവശ്യം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
“പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ക്യാബിനറ്റില്‍ ഇത് നടപ്പില്‍ വരുത്താനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തും”- പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളുടെ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും പൈലറ്റ് കുറ്റപ്പെടുത്തി. “നിരവധി ഭരണഘടനാ ഭേദഗതികളാണ് ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം നടത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്”- പൈലറ്റ് പറഞ്ഞു.
Also Read നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടന അയച്ചു കൊടുക്കും; ഡി.വൈ.എഫ്.ഐ
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിരവധി കത്തുകളയച്ചെന്നും എന്നാല്‍ കേന്ദ്രം ഇത് ഗൗനിച്ചില്ലെന്നും പൈലറ്റ് കുറ്റപ്പെടുത്തി.
സ്ത്രീ സംവരണം എന്ന ആശയം തത്വത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നേരത്തെ അറിയിച്ചിരുന്നു.
നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സ്ത്രീ സംവരണത്തിന് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് കത്തയച്ചതിനു പിന്നാലെയായിരുന്നു അത്.